പാലക്കാട്: മലമ്പുഴയിലെ ഐ.എം.എയുടെ ഉടമസ്ഥതയിലുള്ള ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപടർന്നതുമായി ബന്ധപ്പെട്ട് അധികൃതരുടെ വാദം തള്ളി വനം വകുപ്പ്. കാട്ടിൽ നിന്നാണ് തീ പടര്‍ന്നതെന്നായിരുന്നു ഇമേജിന്റെ വാദം. എന്നാൽ, പരിസരത്തെ വനമേഖലയില്‍ തീ പടര്‍ന്ന അടയാളങ്ങളില്ലെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച രാവിലെ 10.30ന് തീ കണ്ടത് ഇമേജിന്റെ കെട്ടിടത്തിലാണ്. വൈകീട്ട് ആറു വരെ വനമേഖലയില്‍ തീ പടര്‍ന്നിട്ടില്ലെന്നും പരിശോധനയിൽ ഇത് വ്യക്തമായതായും വനം വകുപ്പ് അധികൃതർ അറിയിച്ചു.
മലമ്പുഴ കരടിയോട് ചേമ്പനയിലെ ഐ.എം.എയുടെ ഉടമസ്ഥതയിലുള്ള ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റായി 'ഇമേജി'ൽ ഞായറാഴ്ച രാവിലെ 11ഓടെയായിരുന്നു തീ കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യത്തിലേക്ക് തീ പടര്‍ന്നതോടെയാണ് സ്ഥിതി കൈവിട്ട് പോയത്. പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി ഒമ്പത് യൂനിറ്റുകളെത്തി ശ്രമിച്ചിട്ടും തീ അണക്കാനായില്ല.
ചൊവ്വാഴ്ച വൈകിയും ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീയണക്കല്‍ തുടരുകയാണ്. വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഉപേക്ഷിച്ചു. തീപിടിത്തം ഉണ്ടായ സ്ഥലത്തെ പ്ലാസ്റ്റിക് മാലിന്യം മുഴുവന്‍ കത്തി തീരുക മാത്രമാണ് വഴിയെന്നാണ് അഗ്നിരക്ഷ സേന അധികൃതർ പറയുന്നത്.
വീഴ്ചയെന്ന് രാഷ്ട്രീയ നേതൃത്വം
തീപിടിക്കാൻ കാരണം മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് കോണ്‍ഗ്രസ്, സി.പി.എം നേതാക്കള്‍ കുറ്റപ്പെടുത്തു. സംസ്കരിക്കാവുന്നതിലധികം മാലിന്യം പ്ലാന്റില്‍ ഉണ്ടായിരുന്നുവെന്നും ഇതാണ് വലിയ തീപിടിത്തത്തിലേക്ക് നയിച്ചതെന്നുമാണ് കുറ്റപ്പെടുത്തല്‍. ഇതിനിടെ പ്ലാന്റ് സി.പി.ഐ നിയമസഭ കക്ഷി നേതാവും എം.എൽ.എയുമായ ഇ. ചന്ദ്രശേഖരൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി. ചാമുണ്ണി എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു. കൃഷിക്കും കുടിവെള്ള ആവശ്യത്തിനും ഉപയോഗിക്കുന്ന മലമ്പുഴ ഡാമിന് അരികെയാണ് തീപിടിത്തമുണ്ടായതെന്നും ജലം മലിനമാവാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.