പാലക്കാട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് (ഐ.എം.എ) കീഴിൽ പ്രവർത്തിക്കുന്ന ബയോ മെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രമായ മലമ്പുഴ ഇമേജിലെ തീയണയ്ക്കാനുള്ള ശ്രമം നാലാം ദിവസവും തുടർന്നു. വശങ്ങളിലേക്കോ പ്ലാന്റുകളിലേക്കോ തീ പടരാതെ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും പൂർണമായും അണയ്ക്കാനാവാത്ത സ്ഥിതിയാണെന്ന് കഞ്ചിക്കോട് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ജോബി ജേക്കബ് പറഞ്ഞു. അടിഭാഗത്തും മറ്റുമുള്ള തീയാണ് അണയാത്തത്. തീ പടരാതിരുന്ന മാലിന്യങ്ങൾ ഗോഡൗണിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ആശുപത്രി മാലിന്യമായതിനാൽ വലിയ തോതിൽ വെള്ളമുപയോഗിച്ച് കെടുത്താൻ ശ്രമിക്കുന്നത് ഗുണകരമല്ലെന്ന വിലയിരുത്തലിലാണ് അഗ്നിരക്ഷാസേന. തീ പടർന്ന ഗോഡൗണിന് ചുറ്റും സുരക്ഷയൊരുക്കിയ ശേഷം മാലിന്യം കത്തിത്തീരാൻ അനുവദിക്കുക എന്നതാണ് പോംവഴി.
സുരക്ഷ മുൻകരുതലുകൾ ഉറപ്പുവരുത്തിയശേഷം രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് അഗ്നിരക്ഷാസേന കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. അഗ്നിബാധയുടെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി സ്റ്റേഷൻ ഓഫിസർ അറിയിച്ചു. ഇൻസിനറേറ്ററിൽ നിന്ന് മാലിന്യത്തിലേക്ക് തീപ്പൊരി വീണതാകാമെന്നും മാലിന്യ സംഭരണ കേന്ദ്രത്തിലെ ഷോർട്ട് സർക്യൂട്ട് ആകാമെന്നും നിഗമനമുണ്ട്. കാട്ടിൽ നിന്നല്ല തീ പടർന്നതെന്ന് കഴിഞ്ഞദിവസം വനം വകുപ്പ് അറിയിച്ചിരുന്നു.
അഗ്നിരക്ഷാസേനയുടെ ഒരു യൂനിറ്റിനൊപ്പം ഇമേജിലെ അഗ്നിരക്ഷാസേന ടീമും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. ഇവർ രക്ഷാപ്രവർത്തനം തുടരുകയാണ്. ഞായറാഴ്ച രാവിലെയാണ് ഇമേജിൽ അഗ്നിബാധയുണ്ടായത്. വിശദ റിപ്പോർട്ട് ഐ.എംഎക്ക് കൈമാറിയതായി ഇമേജ് ചെയർമാൻ ഡോ. അബ്രഹാം വർഗീസ് പറഞ്ഞു. 250 ടണ്ണോളം മാലിന്യം കത്തിനശിച്ചതായാണ് കണക്കാക്കുന്നത്. അപകടപശ്ചാത്തലത്തിൽ അഗ്നിരക്ഷാസേനയുടെ ശേഷി വർധിപ്പിക്കുമെന്നും ഇമേജ് അധികൃതർ അറിയിച്ചു. കഞ്ചിക്കോട്, പാലക്കാട് അഗ്നിരക്ഷാസേനയുടെ ഓരോ യൂനിറ്റ് ചൊവ്വാഴ്ച വൈകീട്ടുവരെ പ്രവർത്തിച്ചാണ് വലിയ തീ നിയന്ത്രണത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.