മുതലമട: സാമൂഹിക വിരുദ്ധർ ചെക്ക് ഡാമിന്റെ ഷട്ടർ തകർത്ത് മത്സ്യബന്ധനം നടത്തിയത് കർഷകർക്ക് വിനയായി. പൂന്തോണി ചള്ളയിലെ മീങ്കര പുഴക്കുകുറുകെയുള്ള ഷട്ടറാണ് തകർത്ത് വെള്ളം ഒഴുക്കി മത്സ്യബന്ധനം നടത്തിയത്. ഇതുമൂലം സംഭരിച്ച ജലം ഒഴുകിപോയത് കർഷകർക്ക് തിരിച്ചടിയായി.
നൂറ്റാണ്ടുകൾക്കുമുമ്പ് കല്ലുകൾകൊണ്ട് കർഷകർ നിർമിച്ച കല്ലണ എന്നറിയപ്പെടുന്ന തടയണയിൽ ഒരു ഷട്ടർ മാത്രമാണുള്ളത്. ചെക്ക്ഡാം ഉണ്ടായ കാലം മുതൽക്ക് പലക ഉപയോഗിച്ചും മണൽചാക്കുകൾ സ്ഥാപിച്ചുമാണ് കർഷകർ ഷട്ടർ സ്ഥാപിച്ചുവന്നത്. ഈ ഷട്ടറാണ് നശിപ്പിച്ചത്. 350 ഏക്കറിലധികം കൃഷിസ്ഥലങ്ങൾക്ക് ഗുണകരമായ ചെക്ക് ഡാമിൽ ഷട്ടർ സ്ഥാപിക്കണമെന്ന് ജലസേചന മന്ത്രിക്കുവരെ നിവേദനം നൽകിയിട്ടും ഇറിഗേഷൻ ഉദ്യോഗസ്ഥർ പോലും സ്ഥലം പരിശോധിക്കാൻ വന്നില്ലെന്ന് പാശേഖര സമിതി ഭാരവാഹി വിജയരാഘവൻ പറഞ്ഞു.
ഷട്ടറിന്റെ തകർച്ചമൂലം തടയണയോട് ചേർന്ന കനാലിലൂടെയുള്ള നീരൊഴുക്ക് അവതാളത്തിലാകും.
തച്ചങ്കുളമ്പ്, വടക്കേചള്ള, പള്ളം എന്നീ പ്രദേശങ്ങളിൽ ജലസേചനത്തിന് വെള്ളം എത്തുന്ന കനാലിനെ ആശ്രയിക്കുന്നവർക്ക് ദുരിതമാകുമെന്നതിനാൽ വേനൽ മഴയെത്തും മുമ്പ് ഇറിഗേഷൻ വകുപ്പ് അധികൃതർ ഷട്ടർ സ്ഥാപിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. നടപടി വൈകിയാൻ മീങ്കര ഡാം ഇറിഗേഷൻ ഓഫിസിനു മുന്നിൽ സമരം നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.