വൃക്ക മാറ്റിവെച്ചവര്‍ക്ക് സൗജന്യ മരുന്ന്

പാലക്കാട്: ജില്ലയില്‍ വൃക്കമാറ്റിവെച്ച 250ഓളം പേര്‍ക്ക് എല്ലാ മാസവും മരുന്ന് സൗജന്യമായി നല്‍കാന്‍ ജില്ല പഞ്ചായത്ത് ഒരു കോടിയുടെ പദ്ധതി തയാറാക്കി. പ്രതിമാസം 7500 മുതല്‍ 10,000 രൂപ വരെ മരുന്നിന് ചെലവാക്കേണ്ടി വരുന്ന സാഹചര്യം സാധാരണക്കാര്‍ക്ക് താങ്ങാനാകില്ലെന്നും അവര്‍ക്ക് ആശ്വസമേകുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മരുന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. തുടക്കത്തില്‍ വൃക്കമാറ്റിവെക്കപ്പെട്ടവരുടെ സംഘടനയായ 'ഓര്‍മ'യിലൂടെ കണ്ടെത്തിയ 247 പേര്‍ക്കാണ് മരുന്ന് വിതരണം ചെയ്യുക.

സഹായം ലഭിക്കാത്തവരെ കണ്ടെത്തി ആനുകൂല്യം ലഭ്യമാക്കുമെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ വിഭാഗവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. ജില്ല ആശുപത്രിയുടെ നിലവിലെ സൗകര്യങ്ങളില്‍നിന്നുകൊണ്ട് രോഗികള്‍ക്ക് സൂപ്പര്‍സ്പെഷാലിറ്റി സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. നെഫ്രോളജി വിഭാഗത്തില്‍ രണ്ട് ഹീമോ ഡയാലിസിസ് യൂനിറ്റുകളും ആറ് പെരിറ്റോണിയല്‍ ഡയാലിസിസ് യൂനിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഒഫ്താല്‍മോളജിയുമായി ബന്ധപ്പെട്ട് സര്‍ജറി ചെയ്യുന്നതിനുള്ള സംവിധാനം തയാറാക്കാൻ രണ്ട് കോടിയാണ് വകയിരുത്തിയത്. എം.ആര്‍.ഐ സ്‌കാനിങ്​ യൂനിറ്റിനായി 7.5 കോടി ചെലവില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൂടാതെ അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രി കെട്ടിടം സ്ഥാപിക്കാൻ കിഫ്ബി വഴി 127.65 കോടിയുടെ ഭരണാനുമതി ലഭ്യമായതായും ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അറിയിച്ചു.

എല്ലാ മാസവും രോഗികള്‍ക്ക് ജില്ല ആശുപത്രിയിലെത്തി ഒ.പി പരിശോധന നടത്തി ഡോക്ടറുടെ നിർദേശപ്രകാരം ഒരു മാസത്തേക്കുള്ള മരുന്നുകള്‍ സൗജന്യമായി കൈപ്പറ്റാം. ദൂരെയുള്ള സ്ഥലങ്ങളില്‍നിന്ന്​ രോഗികള്‍ക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ബന്ധുക്കള്‍ മുഖേന രോഗവിവരങ്ങള്‍ അറിയിച്ച് ആശുപത്രിയിലെത്തി മരുന്നുവാങ്ങാം.

അഞ്ച് ബ്രാന്‍ഡുകളിലുള്ള മരുന്നുകളാണ് നിലവില്‍ വിതരണം ചെയ്യുന്നത്. ബുധനാഴ്ചകളില്‍ മാത്രമാണ് വിതരണം ഉണ്ടാകുക. ബുധനാഴ്ചക്കു പുറമെ വൃക്കരോഗികള്‍ക്കായി ചൊവ്വ, വെള്ളി ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് നെഫ്രോളജിസ്​റ്റ്​ ഡോ. കൃഷ്ണദാസ് അറിയിച്ചു.

Tags:    
News Summary - Free medicine for kidney patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.