കൊല്ലങ്കോട്: പൊള്ളാച്ചി റൂട്ടിൽ പാസഞ്ചറുകൾ പുനഃസ്ഥാപിക്കണമെന്ന് വിവിധ സംഘടനകൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് നിവേദനം നൽകി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങിന്റെ പാലക്കാട് ഡിവിഷൻ സന്ദർശനവേളയിലാണ് പാലക്കാട്-പൊള്ളാച്ചി റൂട്ടിലെ നിർത്തിവെച്ച പാസഞ്ചറുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയത്. മീറ്റർ ഗേജിൽ സർവിസ് നടത്തിയിരുന്ന ട്രെയിനുകൾ പുനഃസ്ഥാപിക്കുക. പാലരുവി എക്സ് പ്രസ്, എറണാകുളം മെമു എന്നിവ പൊള്ളാച്ചിയിലേക്ക് ദീർഘിപ്പിക്കുക, ചെന്നൈ എക്സ് പ്രസിന് ആനമല റോഡ്, കൊല്ലങ്കോട്, പുതുനഗരം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിക്കുക, കൊല്ലങ്കോട് സ്റ്റേഷനിൽ റിസർവേഷൻ ആരംഭിക്കുക, രാവിലെയും വൈകുന്നേരങ്ങളിലും പൊള്ളാച്ചി റൂട്ടിൽ പാസഞ്ചറുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനങ്ങൾ നൽകിയത്. റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ സക്കീർ ഹുസൈൻ, പി.വി. ഷൺമുഖൻ, എ. സാദിഖ് എന്നിവരും ആനമലെ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ, പൊള്ളാച്ചി റീജനൽ ഡെവലപ്പ്മെന്റ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികളും റെയിൽവേ വികസന വിഷയങ്ങളിൽ നിവേദനങ്ങൾ നൽകി. പാലക്കാട് ഡിവിഷൻ മാനേജർ ത്രിലോക് കോത്താരി, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ രാജേന്ദ്രപ്രസാദ് ജിങ്കർ, എ.ഡി.ആർ.എം സി.ടി. സക്കീർ ഹുസൈൻ, ആർ. രഘുരാമൻ, ഡോ. വി. കലാ റാണി എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഉപഭോക്തൃ സംതൃപ്തി പരമപ്രധാനം -ദക്ഷിണ റെയിൽവേ ജനറൽ മാനേജർ
പാലക്കാട്: സമ്പൂർണ ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ഒരു ടീമായി പ്രവർത്തിക്കണമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എം. സിങ്. പാലക്കാട് ഡിവിഷനിൽ ഡി.ആർ.എമ്മുമായും ബ്രാഞ്ച് ഓഫിസർമാരുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. മുഴുസമയം പ്രവർത്തിക്കുന്ന മൾട്ടി ഡിസിപ്ലിനറി സംവിധാനമാണ് റെയിൽവേ. അതിന് അനുസരിച്ച് ഉദ്യോഗസ്ഥർ മനോഭാവം രൂപപ്പെടുത്തുകയും 24 മണിക്കൂറും ലഭ്യമായിരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷൊർണൂർ മുതൽ പാലക്കാട് ജങ്ഷൻ വരെയും പാലക്കാട് ജങ്ഷൻ മുതൽ മംഗളൂരു സെൻട്രൽ വരെ ആർ.എം. സിങ് വിൻഡോ ട്രെയിലിങ് പരിശോധന നടത്തി. തിരുവനന്തപുരത്തിനും മംഗലാപുരത്തിനും ഇടയിലുള്ള സെക്ഷനൽ സ്പീഡ് മണിക്കൂറിൽ 130/160 കിലോമീറ്റർ ആക്കി വർധിപ്പിക്കുന്നതിനെക്കുറിച്ച് വിശദമായ ചർച്ച നടത്തി. മംഗളൂരു സെൻട്രലിൽ നടക്കുന്ന അധിക പ്ലാറ്റ്ഫോം ജോലികളും പിറ്റ് ലൈൻ ജോലികളും അദ്ദേഹം പരിശോധിച്ചു.
കൺസ്ട്രക്ഷൻ ഓർഗനൈസേഷൻ/എറണാകുളം ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ രാജേന്ദ്ര പ്രസാദ് ജിംഗാർ, പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി, കൺസ്ട്രക്ഷൻ ഓർഗനൈസേഷൻ/എറണാകുളം ചീഫ് എൻജിനീയർ വി. രാജഗോപാലൻ, പാലക്കാട് ഡിവിഷനിലെ ഗതി ശക്തി യൂനിറ്റ് ചീഫ് പ്രോജക്ട് മാനേജർ ആർ. രഘുരാമൻ, അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ സി.ടി. സക്കീർ ഹുസൈൻ, ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. വി. കലാറാണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.