കേരളശ്ശേരി (പാലക്കാട്): വീട്ടിലൊരു ഗണിത ലാബ് പദ്ധതിയിൽ സംസ്ഥാനതലത്തിൽ മികവ് തെളിയിച്ച കുരുന്നുകൾക്ക് അഭിനന്ദനവും സമ്മാനവുമായി സമഗ്ര ശിക്ഷ കേരളം അധികൃതർ വീട്ടിലെത്തി. തടുക്കശ്ശേരി നീലാഞ്ചേരി വീട്ടിൽ ഷാജിയുടേയും ധന്യയുടേയും മകൻ ശ്രീഹരി, പ്രദീപിേൻറയും ദീപയുടേയും മകൾ നിവേദിത എന്നിവരാണ് സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുൻനിരയിലെത്തിയത്.
കേരളശേരി എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥികളാണിവർ. കോവിഡ് കാലത്ത്, കുട്ടികൾക്ക് വീട്ടിലിരുന്നു ചെയ്യാൻ അധ്യാപകർ ഗണിതോപകരണങ്ങൾ എത്തിച്ചുകൊടുത്തിരുന്നു. സമഗ്രശിക്ഷ കേരളത്തിെൻറ വീട്ടിലൊരു ഗണിത ലാബ് പദ്ധതിയുടെ ഭാഗമായിരുന്നു. സംഖ്യ കാരംബോർഡ്, സംഖ്യ പോക്കറ്റ്, ഫ്രെയിംകളി, സംഖ്യ കാർഡ്, ജാമിതീയരൂപം, വ്യാഖ്യാനപാത്രം, സംഖ്യ മീനുകൾ തുടങ്ങി നിരവധി കളികളും മറ്റു ഗണിത ചിത്രങ്ങളുമാണ് ഇരുവരും ഒരുക്കിയത്.
ഇവ വിഡിയോ സഹിതം അധ്യാപകർ അയച്ചുകൊടുക്കുകയും സംസ്ഥാനത്തലത്തിൽ മികച്ചവയായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എ.പി. കുട്ടികൃഷ്ണൻ, ജില്ല പ്രോഗ്രാം ഓഫിസർമാരായ കെ.എൻ. കൃഷ്ണകുമാർ, പറളി ബി.പി.ഒ അജിത്, കേരളശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ഷീബ, വൈസ് പ്രസിഡൻറ് കെ.എ. ബാലസുബ്രമണ്യൻ, വാർഡ് മെംബർ ഫെബിൻ റഹ്മാൻ എന്നിവർ കുരുന്നുകളെ അഭിനന്ദിക്കാൻ എത്തി.
ഇവർ ചെയ്ത കാര്യങ്ങൾ ഉന്നതതല യോഗത്തിൽ അവതരിപ്പിക്കുമെന്ന് എ.പി. കുട്ടികൃഷ്ണൻ പറഞ്ഞു. കുട്ടികളെ ഗ്രാമപഞ്ചായത്ത് പ്രത്യേകം അനുമോദിക്കുമെന്ന് പ്രസിഡൻറ് കെ.എസ്. ഷീബ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.