പാലക്കാട്: ഗവ. മോയൻസ് എൽ.പി സ്കൂൾ കെട്ടിടം നിർമാണം പാതിവഴിയിലിട്ട് ഉപേക്ഷിച്ചുപോയ കരാർ സ്ഥാപനം നഗരസഭക്ക് നൽകാനുള്ളത് 1,73,870 രൂപ. 2017 മേയ് 30 ന് ഭരണാനുമതി ലഭിച്ച 1.2 കോടി ചെലവ് പ്രതീക്ഷിച്ച കെട്ടിട നിർമാണം 2021ലാണ് ആരംഭിച്ചത്. കരാറെടുത്ത പൂജപ്പുരയിലെ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ് മുൻകൂർ തുകയായി 24 ലക്ഷം കൈപറ്റുകയും ചെയ്തു.
എന്നാൽ ചുവരുകളും വാർപ്പും പൂർത്തിയായ ശേഷം പണി പാതിവഴിയിൽ നിർത്തിയിടുകയായിരുന്നു.
മൂന്നുവർഷമായി അതേ അവസ്ഥയിലാണ് കെട്ടിടം. എൽ.പി ക്ലാസുകൾ പൂർണ സജ്ജമാക്കാനാകാതെ സ്കൂൾ അധികൃതരും കുഴങ്ങി. നിരവധി തവണ പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ വിഷയം അവതരിപ്പിക്കപ്പെട്ടെങ്കിലും നടപടിയായില്ല.
കെട്ടിടത്തിൽ ടൈലിടുകയോ ചുവർ പ്ലാസ്റ്ററിടുകയോ ചെയ്തിട്ടില്ല. എൽ.പി ക്ലാസുകൾ നടക്കേണ്ട കെട്ടിട ഭാഗങ്ങൾ കൈവരി സ്ഥാപിക്കാൻ പോലുമായിട്ടില്ല. കൗൺസിലിൽ പരാതി വന്നപ്പോൾ ചുമതലപ്പെടുത്തിയ നഗരസഭ ഓവർസിയർ ഹാബിറ്റാറ്റ് ഗ്രൂപ്പിൽ നിന്ന് 1.73 ലക്ഷം രൂപ തിരിച്ചുകിട്ടാനുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പണി പാതിവഴിയിൽ ഇട്ടുപോയ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് വാർഡ് കൗൺസിലർ സെയ്തു മീരാൻ ബാബു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.