കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതക്ക് സ്ഥലം വിട്ടുനൽകുന്നവരുടെ ഭൂമിയുടെ സർവേ നടപടികൾ പുരോഗമിക്കുന്നു. സർവേ പൂർത്തിയായാൽ നഷ്ടപരിഹാര തുക ഉടമകളുടെ ബാങ്ക് അക്കൗണ്ട് വഴി കൈമാറാൻ നടപടി ആരംഭിക്കുമെന്ന് ദേശീയപാത സ്ഥലമെടുപ്പ് റവന്യൂ ഉന്നത ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു. നിർമിതികളുടെ സർവേ ജില്ലയിൽ പൂർത്തിയായി.
റവന്യൂ ഉദ്യോഗസ്ഥരുടെ ക്ഷാമമാണ് സർവേ നടപടികൾ ഇഴയാൻ വഴിയൊരുക്കിയത്. ത്രീ-ഡി വിജ്ഞാപനപ്രകാരം ജില്ലയിൽ ഗ്രീൻഫീൽഡ് പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂവുടമകളുടെ ഹിയറിങ് പൂർത്തിയായി. സ്ഥലം ഉടമകളിൽനിന്ന് ഉടമസ്ഥത വ്യക്തമാക്കുന്ന 15 വിലപ്പെട്ട രേഖകളാണ് ഹിയറിങ്ങിന് ചുമതലയുള്ള റവന്യു ഉദ്യോഗസ്ഥർ ശേഖരിച്ചത്. യഥാർഥ ഉടമ ആരെന്ന് ഉറപ്പാക്കാനും നഷ്ടപരിഹാരം നൽകാനുമാണ് ഹിയറിങ് നടത്തിയത്. പാലക്കാട്, മണ്ണാർക്കാട് താലൂക്കുകളിലെ 22 വില്ലേജുകളുടെ ഹിയറിങ് പൂർത്തിയായി. 90 ശതമാനം പേരും അസ്സൽ രേഖകൾ ഉദ്യോഗസ്ഥർക്ക് കൈമാറി. ചുരുക്കം ചിലർ കൂടി രേഖകൾ നൽകാനുണ്ട്. അത്തരക്കാർക്ക് പാലക്കാട്ടെ ഓഫിസിൽ നേരിട്ടെത്തി രേഖകൾ സമർപ്പിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. ഈ പ്രക്രിയയും ഭൂമി സർവേയും പൂർത്തിയായാൽ സ്ഥലമെടുപ്പ് ഔദ്യോഗിക ക്രമീകരണങ്ങൾ അവസാനിക്കും. ജില്ലയിലെ നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലെത്തിയാൽ ഭൂവുടമകൾക്ക് കൈമാറും.
പാലക്കാട് താലൂക്കിലും കരിമ്പ ഗ്രാമപഞ്ചായത്തിലും പോഷൻ സർവേ പൂർത്തിയായി. മറ്റിടങ്ങളിൽ തുടർദിവസങ്ങളിൽ പൂർത്തിയാക്കും. അതേസമയം, ഗ്രീൻഫീൽഡ് പാത ഇരകൾക്ക് തണ്ടപ്പേര്, കൈവശ സർട്ടിഫിക്കറ്റ് എന്നിവ കിട്ടാനുള്ള പ്രയാസം കാരണം രേഖകൾ സമർപ്പിക്കാൻ പല ഭൂവുടമകളും ഓഫിസുകൾ കയറിയിറങ്ങുന്ന സാഹചര്യവുമുണ്ട്. 2013ലെ ദേശീയപാത സ്ഥലമെടുപ്പ് നിയമ പ്രകാരമുള്ള നഷ്ടപരിഹാര തുക ഉടമകൾക്ക് നൽകുമെന്നാണ് അതോറിറ്റിയുടെ നിലപാട്. അഞ്ച് പാക്കേജുകളിലായി 74 മേൽപാലങ്ങളും 94 അടിപ്പാതകളും നിർമിക്കും.
121 കിലോമീറ്റർ ദൈർഘ്യമാണ് പാതക്കുള്ളത്. ജില്ലയിൽ മാത്രം 4000 പേരുടെ സ്ഥലം പാതക്കായി ഏറ്റെടുക്കുന്നുണ്ട്. ഭൂമിയുടെ അടിസ്ഥാന വിലയെ ഗുണനഘടകം കൊണ്ടു ഗുണിച്ചാണ് നഷ്ടപരിഹാരത്തുക കണക്കാക്കുക. നഗരസഭ അതിർത്തിയിൽനിന്നുള്ള ദൂരമനുസരിച്ച് ഗ്രാമങ്ങളിൽ 1.2 മുതൽ രണ്ട് വരെയാകും ഗുണനഘടകം. ഒരു വർഷത്തിന് ശേഷമാണ് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നതെങ്കിൽ അടിസ്ഥാന നിരക്കിനൊപ്പം 12 ശതമാനം കൂടി അധികമായി നൽകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഭൂമി, കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍മിതികള്‍, കാര്‍ഷിക വിളകള്‍, മരങ്ങള്‍ എന്നിവക്ക് പ്രത്യേകം നഷ്ടപരിഹാരം നല്‍കും. കൂടാതെ സമാശ്വാസമായി ഇതിന്റെ ഇരട്ടി തുകയും നല്‍കും. പദ്ധതിക്കായി ഭൂമി നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിനു പുറമേ പുനരധിവാസത്തിനും അര്‍ഹതയുണ്ടാകും. വീട് നഷ്ടപ്പെടുന്നവര്‍ക്ക് ചുരുങ്ങിയത് 2.86 ലക്ഷം രൂപ മുതലും വ്യാപാര സ്ഥാപനങ്ങള്‍ക്ക് 75,000 രൂപയും കാലിത്തൊഴുത്തിനും പെട്ടിക്കടകള്‍ക്കും 25,000 രൂപയും പുനരധിവാസ ഇനത്തിൽ അധികമായി അനുവദിക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.