കല്ലടിക്കോട്: ഗ്രീൻഫീൽഡ് പാതക്ക് ഭൂമി വിട്ട് നൽകിയവർക്ക് നഷ്ടപരിഹാര തുക വിതരണം മൂന്നുമാസത്തിനകം പൂർത്തിയാക്കും. പുതിയ സാമ്പത്തിക വർഷത്തിന് മുമ്പ് പാത നിർമിക്കാനുള്ള ദർഘാസ് നടപടികൾ പൂർത്തിയാക്കാൻ നടപടി പുരോഗമിക്കുകയാണ്. ജില്ലയിലെ ആറ് വില്ലേജുകളിലെ ഭൂവുടമകളുടെ നഷ്ടപരിഹാര തുക വിതരണം പുരോഗമിക്കുകയാണ്.
നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക അനുമതി നൽകി വിതരണത്തിനെത്തിച്ച തുകയുടെ ആദ്യഘട്ട വിതരണം പൂർത്തിയായി. ശേഷിക്കുന്നവയുടെ വിതരണം ഈ മാസം ആദ്യ വാരത്തിൽ നടത്തുമെന്ന് ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ജില്ലയിൽ മാത്രം രണ്ടായിരത്തോളം പേരുടെ ഭൂമിയും സ്ഥാവര ജംഗമ വസ്തുക്കളുമാണ് ഗ്രീൻഫീൽഡ് പാത നിർമാണത്തിന് കൈമാറുന്നത്. പൂർണമായും വീട് നഷ്ടപ്പെടുന്നവർക്ക് കേന്ദ്ര ഗവ. നിഷ്കർഷിക്കുന്ന നിശ്ചിത രേഖകൾ കൈമാറിയ ശേഷം ഉദ്യോഗസ്ഥർ നിജപ്പെടുത്തിയ നഷ്ടപരിഹാര തുക ഗുണഭോക്താക്കൾ സമർപ്പിച്ച ബാങ്ക് അക്കൗണ്ട് വഴി കൈമാറും.
രേഖകളും മറ്റു നടപടിക്രമങ്ങളും പൂർത്തീകരിച്ച വർക്കാണ് നഷ്ടപരിഹാര തുക ആദ്യഘട്ടത്തിൽ കൈമാറുന്നത്. ഇതിനകം 705 കോടി രൂപ ഉടമകൾക്ക് കൈമാറി. അതേസമയം, മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ വനഭൂമി ഒഴിവാക്കിയുള്ള പുതിയ അലൈൻമെന്റ് പ്രകാരം പുതുതായി ഏറ്റെടുക്കുന്ന സ്ഥല ഉടമകളുടെ ഹിയറിങും തുടർ പ്രവർത്തനങ്ങളും പൂർത്തിയാക്കി. വില നിർണയം നിജപ്പെടുത്തി രേഖകൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതോടെ അവർക്കും നഷ്ടപരിഹാരം അടുത്ത മാസത്തിനകം കൈമാറ്റം ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഉദ്യോഗസ്ഥർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.