കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ സ്ഥലമെടുപ്പിന് മുന്നോടിയായുള്ള ഫീൽഡ് സർവേ ഡിസംബറിൽ പൂർത്തിയാക്കും. സ്ഥലം ഏറ്റെടുക്കുന്നതിന് അവസാനഘട്ട പ്രവർത്തനങ്ങളെന്ന നിലയിൽ ത്രിമാന വിജ്ഞാപനം ജനുവരിയിൽ നടത്താനുള്ള നീക്കങ്ങളാണ് സ്ഥലം ഏറ്റെടുപ്പ് ദേശീയപാത വിഭാഗം റവന്യു ഉദ്യോഗസ്ഥർ ആരംഭിച്ചത്.
ഒരേ സമയം തന്നെ ജില്ലയിൽ പാതക്ക് അതിർത്തി നിർണയിച്ച സ്ഥലങ്ങളിൽ കുറ്റി സ്ഥാപിക്കുക, ഫീൽഡ് സർവേ, പാതകടന്ന് പോകുന്ന പ്രദേശങ്ങളിലെ വീടുകളുടെയും മരങ്ങൾ ഉൾപ്പെടെയുള്ള നീക്കുന്ന വസ്തുക്കളുടെ കണക്കെടുപ്പ് എന്നീ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. അതാത് സ്ഥലങ്ങളിലെ മുറിച്ച് നീക്കുന്ന മരങ്ങൾ അടയാളപ്പെടുത്തുന്നുണ്ട്. അകത്തേത്തറ ഗ്രാമപഞ്ചായത്തിൽ അതിർത്തി നിർണയിച്ച് കുറ്റി സ്ഥാപിക്കുന്നുണ്ട്.
കരിമ്പ ഗ്രാമപഞ്ചായത്തിലും സമീപ സ്ഥലങ്ങളിലും നഷ്ടപ്പെടുന്ന വീടുകളുടെ മൂല്യനിർണയം തുടരുകയാണ്. ദേശീയപാത സ്ഥലം ഏറ്റെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ കീഴിലുള്ള റവന്യു ഉദ്യോഗസ്ഥരുടെ ഫീൽഡ് സർവേ പൂർത്തിയാകുന്നതോടെ പാതക്ക് ഓരോ വ്യക്തിയിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെയും സ്ഥാവര ജംഗമ വസ്തുക്കളുടെയും കണക്ക് കൃത്യമായി ലഭിക്കും.
ഭൂമിയുടെ വിസ്തൃതിയും നഷ്ടപ്പെടുന്ന മൂല്യവർധിത വസ്തുക്കളും നിദാനമാക്കിയാണ് നഷ്ടപരിഹാര തുക നിർണയിക്കുക. ത്രീഡി വിജ്ഞാപനത്തോടെ നഷ്ടപരിഹാരം നൽകിയാണ് പാതക്ക് സ്ഥലം ഏറ്റെടുക്കുക. 122 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൻഫീൽഡ് പാത പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെയാണ് കടന്ന് പോകുന്നത്. പാലക്കാട് ജില്ലയിൽ ഈ പാതക്ക് 62 കിലോമീറ്റർ ദൈർഘ്യമുണ്ട്.
കല്ലടിക്കോട്: ഗ്രീൻഫീൽഡ് പാതക്ക് സ്ഥലവും വീടും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസത്തിന് അർഹമായ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ഇരകളുടെ ആവശ്യം. കൃഷിയും ജീവനോപാധിയായ സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനയി പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാത കോഓഡിനേഷൻ കമ്മിറ്റി രംഗത്തുണ്ട്. മുഖ്യമന്ത്രിക്കും സഹമന്ത്രിമാർക്കും എം.പിമാർക്കും ഇതുമായി ബന്ധപ്പെട്ട് നിവേദനവും സമർപ്പിച്ചിരുന്നു. ഗ്രീൻഫീൽഡ് പാതയുമായി ബന്ധപ്പെട്ട് ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ റവന്യുമന്ത്രി, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ഗ്രീൻ ഫീൽഡ് പാത കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം 22ന് കോഴിക്കോട് ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.