കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതക്ക് സ്ഥലം വിട്ടുനൽകുന്നവർക്ക് അർഹമായ നഷ്ടപരിഹാര തുക വിതരണം ജില്ലയിൽ ജൂലൈ ആദ്യവാരത്തിൽ വിതരണം ചെയ്തേക്കും. ജില്ലയിൽ വിതരണം ചെയ്യാനുള്ള തുകയുടെ ആദ്യ ഗഡു കഴിഞ്ഞ ദിവസം സ്ഥലമെടുപ്പ് വിഭാഗം ദേശീയപാത ഡെപ്യൂട്ടി തഹസിൽദാറുടെ അക്കൗണ്ടിലേക്ക് കൈമാറി. സ്ഥലമെടുപ്പ് വിഭാഗം റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി സർവേ പൂർത്തിയാക്കിയ സ്ഥലത്തെ നിർമിതികളുടെ നഷ്ടപരിഹാര തുകയാണ് എത്തിയിട്ടുള്ളത്. നേരത്തെ മൂല്യനിർണയം വഴി തിട്ടപ്പെടുത്തിയ തുകയുടെ ആദ്യ ഗഡുവാണിത്. നഷ്ടപരിഹാരം ആദ്യം വിതരണം ചെയ്യാൻ മുഴുവൻ രേഖകളും നടപടികളും പൂർത്തീകരിച്ച വില്ലേജുകളാവും പരിഗണിക്കുക.
പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ ആദ്യഘട്ട സർവേ, നിർമിതികളുടെ മൂല്യനിർണയം എന്നിവ പൂർത്തിയായ മരുത റോഡ്, കരിമ്പ വില്ലേജുകളാണ് പരിഗണന പട്ടികയിൽ തുടക്കത്തിൽ ഉൾപ്പെടാൻ കൂടുതൽ സാധ്യത. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. 2013ലെ ദേശീയപാത സ്ഥലം ഏറ്റെടുപ്പ് നിയമപ്രകാരം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്കർഷിക്കുന്ന 30ൽപരം മാനദണ്ഡങ്ങൾ സൂചികയാക്കിയാണ് നഷ്ടപരിഹാര തുക നിജപ്പെടുത്തിയത്. ജില്ലയിലെ പാലക്കാട്, മണ്ണാർക്കാട് താലൂക്കുകളിലെ 22 വില്ലേജുകളിലൂടെയാണ് ഗ്രീൻഫീൽഡ് പാത കടന്നുപോകുന്നത്. ഏകദേശം 3750ൽപരം സ്ഥലം ഉടമകളാണ് നഷ്ടപരിഹാരത്തിന് അർഹരായത്. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ കടന്നുപോകുന്ന പാതക്ക് 121.006 കിലോമീറ്ററാണ് ദൈർഘ്യം. ഇതിൽ 61.440 കിലോമീറ്റർ പ്രദേശം പാലക്കാട് ജില്ലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.