കൂറ്റനാട്: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ഹനീന ഫാത്തിമ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് നിരവധി കഷ്ടതകളോട് മല്ലിട്ടാണ്. ഒറ്റമുറിയിൽ ഇരുന്ന് ഹനീന നേടിയ വിജയത്തിന് മാറ്റുകൂടുന്നതും അതുകൊണ്ടാണ്.
കഴിഞ്ഞ13 മാസമായി ടാർപോളീൻ മേഞ്ഞ ഒറ്റമുറി ചായ്പ്പിൽ ഇരുന്നാണ് ഹനീന പഠിച്ചത്. സഹോദരൻ ഒമ്പതാം ക്ലാസ് വിദ്യാർഥി അനുഅത്സർ, എൽ.കെ.ജി വിദ്യാർഥിനി അനിയ നഹ്റിൻ എന്നിവരും ചേച്ചിക്കൊപ്പമാണ് ഓൺലൈൻ പഠനം. ചാലിശ്ശേരി കുന്നത്തേരി കീഴ്പാടത്ത് വളപ്പിൽ കാദർ-നസീമ ദമ്പതികൾക്ക് മക്കൾ മൂന്നു പേരുമായി സുരക്ഷിതമായി താമസിക്കാൻ ഒരുവീടാണ് സ്വപ്നം. കുടുംബപരമായി ലഭിച്ച സ്ഥലത്ത് വായ്പയെടുത്ത് വീട് നിർമാണത്തിനായി തറ പണി കഴിച്ചു. ഇലക്ട്രീഷനായ കാദര്‍ വയറിങ് പണി നടത്തിയാണ് കുടുംബം പുലർത്തിയിരുന്നത്. കോവിഡ് നിയന്ത്രണത്തിൽ വരുമാനം കുറഞ്ഞതോടെ വീട് നിർമാണവും സ്തംഭിച്ചു. വാടക കൊടുക്കാൻ കഴിയാത്തതിനാൽ സ്ഥലത്തെ ശുചിമുറിയുടെ പിറകിലായി ടാർപോളിൻ ഷീറ്റ് കൊണ്ട് ഒരു ചായ്പ്പ് ഇറക്കിയാണ് താമസം.
വീട് നിർമാണത്തിനായി ഗ്രാമസഭകളിലും ലൈഫ് പദ്ധതിയിലും അപേക്ഷിച്ചെങ്കിലും തുടർ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. വീടിെൻറ തറ പണിക്ക് എടുത്ത ലോൺ അടയ്ക്കുവാനും കുടുംബം പുലർത്തുവാനുമായി ഇടവിട്ട സമയത്തായാലും നസീമയും രാവിലെ ജോലിക്ക് പോകുന്നുണ്ട്. ശക്തമായ കാറ്റ് വീശുമ്പോൾ മക്കളെ സംരക്ഷിക്കാനായി രാത്രി ഉറക്കം ഉപേക്ഷിച്ച് നസീമ കാവലിരിക്കും. മക്കൾക്ക് സുരക്ഷിതമായി താമസിക്കാൻ വീട് വേണമെന്നാണ് മാതാപിതാക്കളുടെ സ്വപ്നം. മാതാപിതാക്കളെ സംരക്ഷിക്കാൻ ഡോക്ടറാകണമെന്നാണ് ഹനീനയുടെ ആഗ്രഹം. പ്ലസ് വണിന് സയൻസ് എടുത്ത് പഠിക്കുന്നതിനോടൊപ്പം നീറ്റ് എൻട്രൻസ് എഴുതണം-നസീമയുടെ വാക്കുകൾക്ക് നിശ്ചയദാഢ്യത്തിെൻറ ശക്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.