പാലക്കാട്: ജില്ലയിൽ മലയോരമേഖലകൾ കേന്ദ്രീകരിച്ച് ശക്തമായി കാലവർഷം. മഴ തുടരുന്നത് കണക്കിലെടുത്ത് വ്യാഴാഴ്ചയും മഞ്ഞ അലർട്ട് നിലനിൽക്കുമെന്ന് അധികൃതർ അറിയിച്ചു. 28 വില്ലേജുകളിൽ മഴ ശക്തമാണെന്ന് ജില്ല ദുരന്തനിവാരണ സെൽ അറിയിച്ചു. ഇവിടങ്ങളിലായി 66 ജനവാസമേഖലകൾ മഴക്കെടുതിയിലാണ്. ബുധനാഴ്ച 12 വീടുകൾക്കാണ് മഴയിലും കാറ്റിലും കേടുപാടുണ്ടായത്. ഇതോടെ കാലവർഷത്തിൽ ഭാഗികമായി കേടുപാടുകളുണ്ടായ വീടുകളുടെ എണ്ണം 35 ആയി.
മൂന്നുവീടുകൾ പൂർണമായും തകർന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാലവർഷത്തിൽ ഇത്തവണ ഇതുവരെ രണ്ടുപേരാണ് വിവിധ സംഭവങ്ങളിലായി മരിച്ചത്. മഞ്ഞ അലർട്ട് തുടരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു. വ്യാഴാഴ്ച 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്.
വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതോടെ ജില്ലയിലെ ഡാമുകളിൽ ജാഗ്രത തുടരുകയാണ്. ജില്ലയിലെ ഏഴ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നതായി അധികൃതർ അറിയിച്ചു.
ജില്ലയിലെ പ്രധാന നദികളിലെല്ലാം ജലനിരപ്പുയർന്നിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നു. ചൊവ്വയും ബുധനുമായി 27 ഷട്ടറുകളിൽ 14 എണ്ണമാണ് യഥാക്രമം 10, 20, 30 സെന്റീമീറ്ററുകൾ വീതം തുറന്നത്. ഇതോടൊപ്പം പുഴയോരത്തുള്ളവർക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
കാലവർഷം പുരോഗമിക്കുന്നതിടെ ജാഗ്രത തുടരണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സൻ കൂടിയായ ജില്ല കലക്ടര്‍ ഡോ.എസ്. ചിത്ര. അപകടസാധ്യത കണക്കിലെടുത്താവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.
നാളെ മഞ്ഞ മുന്നറിയിപ്പുളള സാഹചര്യത്തില്‍ ഡാമുകളിലോ ഭവാനിപ്പുഴ, ഭാരതപ്പുഴ തുടങ്ങിയ വലിയ നദികളിലോ പ്രവേശിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
റോഡിനിരുവശവുമുള്ള അഴുക്കുചാലുകള്‍ കൃത്യമായി വ്യത്തിയാക്കണമെന്ന് പൊതുമരാമത്ത്, ദേശീയപാത അധികൃതര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിർദേശത്തില്‍ തുടര്‍നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് വിദ്യാഭ്യാസ ഉപഡയറക്ടറോട് ബുധനാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ കലക്ടര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.