അകലൂർ: കനത്തമഴയിൽ അകലൂരിൽ എട്ടംഗ കുടുംബം താമസിക്കുന്ന വീട് പൂർണമായും തകർന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് വീട് നിലം പൊത്തിയത്. തലനാരിഴക്കാണ് കുടുംബം രക്ഷപ്പെട്ടത്. അകലൂർ ലക്ഷം വീട് കോളനിയിൽ അബ്ദുൽ ഹക്കീമും ഭാര്യ സുബൈദയും ഉമ്മ നെബീസയും മക്കളും പേരക്കുട്ടികളും താമസിക്കുന്ന ലക്ഷംവീട് കോളനിയിലെ വീടാണ് നിലം പൊത്തിയത്. ഏകദേശം 50 വർഷത്തോളം പഴക്കമുള്ള വീടാണിത്. വീടിനകത്തുണ്ടായിരുന്ന അടുക്കള സാധനങ്ങളും മറ്റ് ഉപകരണങ്ങളും നശിച്ചു.
കിടപ്പാടം തകർന്നതോടെ അന്തിയുറങ്ങാൻ സഹോദരന്റെ വീട്ടിലാണ് കുടുംബം അഭയം തേടിയത്. അകലൂർ ലക്ഷം വീടുകളിലെ മുഴുവൻ വീടുകളും ചോർന്നൊലിക്കുന്ന അവസ്ഥയാണ്. പല വീടുകളും നിലം പൊത്താറായ അവസ്ഥയിലാണ്. പലരും ഭീതിയിലാണ് അന്തിയുറങ്ങുന്നത്. നാളിതുവരെ വീട് നവീകരിക്കാൻ അധികാരികളിൽ നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നു വീട്ടുകാർ പറഞ്ഞു. വീട് നവീകരിച്ച് നൽകണമെന്നാണ് ലക്ഷം വീടുകളിലെ കുടുംബാംഗങ്ങളുടെ ആവശ്യം. സംഭവമറിഞ്ഞ് പൊതുപ്രവർത്തകരായ ദീപക് കോൽക്കാട്ടിൽ, കബീർ എന്നിവർ സ്ഥലം സന്ദർശിച്ചു.
പിരായിരി: കനത്തമഴയിൽ ജനവാസ മേഖലകളെ ബന്ധിപ്പിക്കുന്ന റോഡ് ഒലിച്ചുപോയി. പഞ്ചായത്തിലെ ഒന്നാം വാർഡിൽ രണ്ട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലേക്കാട് പറയംപറമ്പ്-വാരാംമ്പള്ളം റോഡ് ആണ് തിങ്കളാഴ്ച പെയ്ത ശക്തമായ മഴയിൽ തകർന്നുഒലിച്ചുപോയത്. സർക്കാറിന്റെ അടിയന്തര ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക അനുവദിച്ച് റോഡ് സംരക്ഷിക്കണമെന്നാവശ്യം ശക്തമായി.
കൂറ്റനാട്: ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളില്‍ തെങ്ങ് വീണു. നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ താഴത്തെ പുരക്കൽ ഷീലയുടെ വീടിനു മുകളിലേക്കാണ് തെങ്ങ് കടപ്പുഴകി വീണത്. വീടിന്റെ മേൽക്കൂര തകർന്നിട്ടുണ്ട്. നാഗലശേരി വില്ലേജ് ഓഫിസിൽ വിവരം അറിയിച്ചിട്ടുണ്ടന്ന് വീട്ടുകാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.