പത്തിരിപ്പാല: മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. മരം വൈദ്യുതി കമ്പികളിൽ വീണ് പലയിടങ്ങളിലും വൈദ്യുതി നിലച്ചു. പത്തിരിപ്പാല, യാസിൻ നഗർ, ചേറുംബാല, തടുക്കശേരി, നെല്ലിക്കാട്, ഒന്നാം മൈൽ, കൊട്ടക്കുന്ന്, പെരടിക്കുന്ന്, ഗണപതി കാവ്, അകവണ്ട, മങ്കര പുള്ളോട് മേഖലകളിൽ മരം വീണ് വൈദ്യുതി കാലുകൾ പൊട്ടുകയും വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു.
മണ്ണൂർ ഖാദിക്ക് സമീപവും നെല്ലിക്കാട്, ചേറുംബാല എന്നിവിടങ്ങളിലും മരംവീണ് നിരവധി വീടുകൾ തകർന്നു. അമ്പലപ്പാറ വൈദ്യുതി സെക്ഷൻ പരിധിയിലെ കൊട്ടക്കുന്ന്- അകവണ്ട പ്രദേശങ്ങൾ ചൊവ്വാഴ്ച വൈകീട്ട് മുതൽ ഇരുട്ടിലാണ്. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് വൈദ്യുതി എത്തിയത്.
ബുധനാഴ്ച ഉച്ചക്ക് 12ന് മങ്കര പുള്ളോട് അശ്റഫിന്റെ വീടിന് മുകളിൽ മരം വീണു. വൈദ്യുതി ലൈനിന് മുകളിൽ വീണ മരം വൻ സ്ഫോടനത്തോടെ വീടിന് മുകളിൽ പതിക്കുകയായിരുന്നു. വീട് ഭാഗികമായി തകർന്നെങ്കിലും കുടുംബം വലിയ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടു. പറളി സെക്ഷന്റെ ഹൈടെൻഷൻ ലൈനിലാണ് മരം വീണത്. മരം കടപുഴകി മണ്ണൂർ ചേറുംബാല പടിഞാർക്കര മുഹമ്മദലിയുടെ വീടും ശുചിമുറിയും തകർന്നു. മണ്ണൂർ നെല്ലിക്കാട് ആവലംകുണ്ട് ജാനകിയുടെ വീട് മരം വീണ് തകർന്നു. വാർഡംഗം ഒ.വി. സ്വാമിനാഥൻ വീടുകൾ സന്ദർശിച്ചു.
മണ്ണൂർ ഖാദി സ്റ്റോപ്പിന് സമീപം മരം വീണ് വീട് തകർന്നു. കുളുപ്പുള്ളിക്കളത്തിൽ അരവിന്ദാക്ഷന്റെ വീടാണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന പാർവതി, മകൾ ലിജി, രണ്ടു വയസ്സുള്ള പേരക്കുട്ടി എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാർഡംഗം വി.എം. അൻവർ സാദിക് വീട് സന്ദർശിച്ചു. വൈദ്യുതി തകരാർ പരിഹരിക്കാൻ പത്തിരിപ്പാലയിലെ കെ.എസ്.ഇ.ബി ജീവനക്കാർ രാപ്പകലില്ലാതെ നെട്ടോട്ടത്തിലാണ്.
പറളി: കാറ്റിലും മഴയിലും പറളി മേഖലയിൽ വ്യാപക നാശം. ബുധനാഴ്ച രാവിലെ 11നാണ് സംഭവം. തേനൂർ പാണ്ടിയോട് മരങ്ങൾ റോഡിൽ വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അമ്പതിലധികം മരങ്ങൾ കടപുഴകി വീണു.
വൈദ്യുതി ലൈനിന് മുകളിൽ മരം വീണ് പോസ്റ്റുകൾ വ്യാപകമായി തകർന്നു. പറളി കെ.എസ്.ഇ.ബി ഓഫിസ് പരിസരത്തെ മരം നിർത്തിയിട്ട കാറിന് മുകളിൽ വീണു. കെട്ടിടത്തിന് കേടുപാട് സംഭവിച്ചു. പറളി പഴയ പോസ്റ്റോഫിസ് പരിസരത്ത് മരം കടപുഴകി വീണു. പ്രധാന പാതയോരത്തെ മരമാണ് വീണത്. പറളി കടവത്ത് ഓട്ടോ സ്റ്റാൻഡിൽ മരം വീണു. തേനൂർ-കോങ്ങാട് റൂട്ടിൽ മുച്ചീരി മലയടിവാരത്തിൽ റോഡിൽ മരം വീണ് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. മേപ്പറമ്പ് കുറിശ്ശാംകുളം ഭാഗത്ത് മരം വീണ് വ്യാപക നാശം സംഭവിച്ചു. ക്രിറ്റിക്കൽ കെയർ 24x7 എമർജൻസി ടീം പ്രവർത്തകരും അഗ്നിരക്ഷസേനയും ഇടപെട്ടാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.
പുലാപ്പറ്റ: കടമ്പഴിപ്പുറം പഞ്ചായത്തിലെ കോണിക്കഴിക്ക് സമീപം നരിയംപാടത്തും പരിസരങ്ങളിലും കാറ്റിലും മഴയിലും വ്യാപക നാശം. റോഡിൽ മരം വീണ് ഉൾനാടൻ പാതകളിൽ ഗതാഗതം മുടങ്ങി. വൈദ്യുതി തൂൺ വീണ് വൈദ്യുതി വിതരണം സ്തംഭിച്ചു. നരിയംപാടം ഭാഗത്ത് മാത്രം മൂന്ന് വൈദ്യുതി തൂൺ പൊട്ടിവീണു. മറ്റിടങ്ങളിലും ലൈനിൽ മരച്ചില്ല വീണ് വൈദ്യുതി വിതരണം അവതാളത്തിലായി. ബുധനാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ ആളപായം ഒഴിവായി. വൈദ്യുതി പുനഃസ്ഥാപിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് വൈദ്യുതി ബോർഡ് ജീവനക്കാർ പറയുന്നു.
കേരളശ്ശേരി: കാറ്റിലും മഴയിലും റോഡിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പത്തിരിപ്പാല - കോങ്ങാട് പാതയിൽ കുണ്ടളശ്ശേരി-ചീരക്കുഴി പെട്രോൾ പമ്പിന് സമീപം ബുധനാഴ്ച ഉച്ചക്ക് 12.15നാണ് സംഭവം. സ്വകാര്യ പറമ്പിലെ മരമാണ് പൊട്ടിവീണത്. ആളപായമില്ല. കോങ്ങാട്ടെ അഗ്നിരക്ഷാസേനയും തദ്ദേശവാസികളും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് മരം മുറിച്ചുനീക്കി.
കേരളശ്ശേരി പഞ്ചായത്തിൽ കാറ്റിലും മഴയിലും മരം വീണ് മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. കേരളശ്ശേരി മരുതംകുണ്ട് രാജൻ, കേരളശ്ശേരി താഴത്തേതിൽ സൈത് മുഹമ്മദ്, 13ാം വാർഡിലെ ചെറകോട്ടുപള്ളിയാലിൽ തത്ത എന്നിവരുടെ വീടുകളാണ് തകർന്നത്. റവന്യു, തദ്ദേശ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ചു.
കോങ്ങാട്: കാറ്റിലും മഴയിലും കോങ്ങാട് - പറളി റോഡിൽ അയ്യർ മലക്ക് സമീപം രണ്ടിടങ്ങളിൽ മരം വീണ് ഗതാഗതം മുടങ്ങി. മുച്ചീരിയിലും തേനൂർ ഇല്ലിക്കപറമ്പ് ഭാഗത്തുമാണ് മരം വീണത്. ബുധനാഴ്ച ഉച്ചക്ക് 12.20നാണ് സംഭവം. അപകട സമയത്ത് റോഡിൽ വാഹനങ്ങളില്ലാത്തതിനാൽ ആളപായം ഒഴിവായി. നാട്ടുകാർ മരം മുറിച്ചുനീക്കി.
പാലക്കാട്: മലമ്പുഴ പഞ്ചായത്തിന് സമീപത്തെ നീറാത്തോട് റോഡിൽ നാല് മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു. ആറോളം വൈദ്യുതി തൂണുകൾ ഒടിഞ്ഞു. പാലക്കാട് അഗ്നിരക്ഷ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർമാരായ ശശികുമാർ, ഉമ്മർ, ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ സുജിത്ത് കുമാർ, അഷറഫ്, വിനോദ്, അനുഷ, ഡ്രൈവർ അമൽ വിനായക് എന്നിവർ ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് മരങ്ങൾ മുറിച്ച് റോഡ് ഗതാഗതയോഗ്യമാക്കിയത്.
കുഴൽമന്ദം: ദേശീയപാതയിൽ വൻമരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാത ചിതലി അഞ്ചുമുറിക്ക് സമീപത്തെ വാകമരമാണ് വീണത്. ബുധനാഴ്ച ഉച്ചക്ക് 12നാണ് സംഭവം. ആലത്തൂർ ഫയർഫോഴ്സ്, കുഴൽമന്ദം പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് മരങ്ങൾ വെട്ടിമാറ്റി ഉച്ചക്കുശേഷം മൂന്നോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
പടലോട് പി. വേശുവിന്റെ വീട് മരം വീണ് തകര്ന്നു. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇതിനടുത്തുള്ള വൈദ്യുതിക്കാൽ പൊട്ടിവീണു. തേങ്കുറിശി കോട്ടപ്പള്ള സ്വദേശികളായ സജിത -നാരായണൻ, രതിഷ്, തങ്കപ്പൻ, കണ്ണൻ, ഇടപ്പറമ്പ് സുന്ദരൻ, ചിതലി പുത്തൻകളം ഭവദാസ് എന്നിവരുടെ വീടുകൾ മരം വീണ് തകര്ന്നു. തേങ്കുറിശി പഞ്ചായത്തിലെ കോട്ടപള്ള, പനയംചിറ, ഇടപ്പറമ്പ്, കുത്തനൂർ കോണിക്കുന്ന് എന്നിവിടങ്ങളിൽ മരം വീണ് വൈദ്യുതി തൂണുകൾ തകർന്നു.
ആലത്തൂർ: കാറ്റിലും മഴയിലും ആലത്തൂർ താലൂക്കിൽ 14 വീടുകൾ കൂടി ഭാഗികമായി തകർന്നു. ബുധനാഴ്ച ഉച്ചക്ക് വീശിയ കാറ്റിൽ മരങ്ങൾ പൊട്ടി വീടുകളുടെ മുകളിൽ വീണതാണ് തകർച്ചക്ക് കാരണമായത്. കുഴൽമന്ദം, മാത്തൂർ, തേങ്കുറുശ്ശി വില്ലേജുകളിലാണ് കൂടുതൽ നാശം. ഇതോടെ കാറ്റിലും മഴയിലുമായി താലൂക്കിൽ തകർന്ന വീടുകളുടെ എണ്ണം 100 ആയി. 17 വീടുകൾ പൂർണമായും 83 എണ്ണം ഭാഗികമായുമാണ് തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.