നെല്ലിയാമ്പതി/അഗളി: കനത്ത മഴയിൽ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ. രണ്ടിടത്തും റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അട്ടപ്പാടിയിൽ കാരറ -ഗൂളിക്കടവ് റോഡിലേക്കാണ് മണ്ണിടിഞ്ഞത്. തടസ്സപ്പെട്ട ഗതാഗതം നാട്ടുകാർ മണ്ണുനീക്കി പുനഃസ്ഥാപിച്ചു. നെല്ലിയാമ്പതിയിൽ കുണ്ടറചോലയ്ക്ക് സമീപമാണ് മണ്ണിടിച്ചൽ. ശക്തമായ കാറ്റിലും മഴയിലും പോത്തുണ്ടി -കൈകാട്ടി ചുരം പാതയിൽ മരങ്ങൾ കടപുഴകിയും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച മഴ ശക്തമായതോടെ കുണ്ടറച്ചോല പാലത്തിന് സമീപത്തായി മണ്ണിടിച്ചിലുണ്ടാവുകയും ചെറുനെല്ലിക്ക് സമീപം ചുരം പാതയുടെ ഭിത്തി ഇടിയുകയും ചെയ്തിരുന്നു.
നെല്ലിയാമ്പതി സന്ദർശകരുടെ ഒരു ഡസനോളം വാഹനങ്ങൾ േറാഡിൽ കുടുങ്ങി. തുടർന്ന് കൊല്ലങ്കോടുനിന്ന് അഗ്നിരക്ഷാസേനയുടെയും വനപാലകരുടെയും നേതൃത്വത്തിൽ പാതയിലേക്ക് വീണ വലിയ മരങ്ങൾ മുറിച്ചുനീക്കി ചെറുവാഹനങ്ങൾ കടന്നുപോകുന്ന രീതിയിലാക്കിയെങ്കിലും ചൊവ്വാഴ്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. തിങ്കളാഴ്ച വൈകീട്ട് നെല്ലിയാമ്പതിയിലേക്ക് പോകുന്ന സ്വകാര്യ ബസ് വഴിയിൽ കുടുങ്ങിയതിനെ തുടർന്ന് യാത്രക്കാരെ കാൽനടയായി മറുവശത്തെത്തിച്ച് ജീപ്പിലാണ് നെല്ലിയാമ്പതിയിലെത്തിച്ചത്. വീണ്ടും മഴ തുടർന്നാൽ ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന ഭീതിയിലാണ് നെല്ലിയാമ്പതിക്കാർ.
മഴയിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി
മണ്ണൂർ: കനത്ത മഴയിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണതോടെ ഗതാഗതം മുടങ്ങി. അകവണ്ട-മേലെ പുരക്കൽപടി-ഏലംകാട് റോഡിലാണ് കഴിഞ്ഞദിവസം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. മരംവീണ് വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ഇതോടെ നിരവധി കുടുംബം യാത്ര ചെയ്യാനാകാതെ ഒറ്റപ്പെട്ടു.
സമീപത്തെ കുന്നിലെ മണ്ണും മരവും ഇടിഞ്ഞ് ഗ്രാമീണ റോഡിലേക്ക് വീഴുകയായിരുന്നു. മൂന്ന് നാൾ പ്രദേശം ഒറ്റപ്പെട്ടതോടെ അകവണ്ടയിലെ സി.പി.എം പ്രവർത്തകർ മണ്ണും മരവും നീക്കി ചൊവ്വാഴ്ച ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. എം. സുബ്രഹ്മണ്യൻ, എം. സതീശൻ, മോഹനൻ ചിറ്റേത്ത്, കണ്ണൻ, എൻ. ഗണേഷ്, എം. പ്രതാപൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.