പാലക്കാട്: കഴിഞ്ഞദിവസങ്ങളിലെ തുടർച്ചയായ ശക്തമായ മഴയിൽ വയലുകൾ വെള്ളക്കെട്ടിലായതോടെ പൊടിവിത നടത്താൻ കഴിയാതെ നെൽകർഷകർ. ഒന്നാംവിള പൊടിവിത നടത്തി കൃഷിയിറക്കുന്ന പതിവാണ് ജില്ലയിലെ നെൽ കർഷക്കുള്ളത്. കാലവർഷത്തിന്റെ മുന്നോടിയായ ലഭിക്കുന്ന വേനൽമഴയിൽ നിലം പാകപ്പെടുത്തി വിത്ത് എറിഞ്ഞ വിളയിറക്കുന്ന കർഷകർക്ക് ആഴ്ചകൾ നീണ്ട ശക്തമായ വേനലിനുശേഷം ലഭിച്ച തുടർച്ചയായ മഴയിൽ വയലുകളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.
വയലുകളിൽനിന്ന് വെള്ളം വാർന്ന് ഈർപ്പത്തിന്റെ അംശം കുറഞ്ഞാൽ മാത്രമെ ഇനി പൊടി വിത നടത്താൻ കഴിയൂ. അതിന് ആഴ്ചകൾ കാത്തിരിക്കണം. അപ്പോഴെക്കും നിലവിലെ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം കാലവർഷം ശക്തമാകും. അതോടെ പൊടിവിത നടത്താൻ കഴിയില്ല. ഞാറ്റടി തയാറാക്കിയോ, ചേറ്റുവിത നടത്തിയോ മാത്രമേ ഒന്നാം വിള ഇറക്കാൻ കഴിയൂ എന്നതാണ് നിലവിലെ സാഹചര്യം. ഞാറ്റടി തയാറാക്കിയാൽ 21 ദിവസം കഴിഞ്ഞുമാത്രമെ പറച്ച് നടാൻ കഴിയൂ.
നിലം ഉഴുതുമറിച്ച് ഞാറ്റടി പറിച്ച് നടുന്നതിന് പൊടിവിതയെക്കാൾ ഉയർന്ന പണച്ചെലവുവരും. രണ്ടാം വിളയ്ക്ക് സപ്ലൈകോവിന് നെല്ല് നൽകിയ പല കർഷകർക്കും ഇനിയും പണം ലഭിച്ചിട്ടില്ല. കാർഷിക വായ്പയെടുത്ത പലർക്കും തിരിച്ചടവ് മുടങ്ങിയതിനാൽ വീണ്ടും വായ്പ ലഭിക്കില്ലെന്നും കർഷകർ പറയുന്നു. ഈ സാഹചര്യത്തിൽ നെല്ലിന്റെ പണം എത്രയുംവേഗം അനുവദിക്കന്നതിനും സഹകരണ സ്ഥാപനങ്ങൾ മുഖേന സർക്കാർ ഗ്യാരന്റിയിൽ കാർഷിക വായ്പ അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.