പാലക്കാട്: ദേശീയപാത 544ല്‍ വിജനമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പിടിച്ചുപറിയും തട്ടിക്കൊണ്ടുപോകലും വർധിച്ചതോടെ സേലം-കൊച്ചി ദേശീയപാതയിൽ വടക്കഞ്ചേരി മുതൽ തമിഴ്നാട് എൽ ആൻഡ് ടി ട്രിച്ച് റോഡ് ജങ്ഷൻ വരെ യാത്ര പേടിസ്വപ്നമാകുന്നു. നാലുമാസത്തിനിടെ മൂന്ന് പ്രധാന കവർച്ചയും ഒരു തട്ടിക്കൊണ്ടുപോകൽ ശ്രമവുമാണ് നടന്നത്. ആക്രമിച്ചും തട്ടിക്കൊണ്ടുപോയുമുള്ള കവർച്ചക്ക് പിന്നില്‍ കൂടുതലും മലയാളികള്‍ തന്നെയെന്നതാണ് വസ്തുത. അർധരാത്രിക്കും വെളുപ്പിനുമാണ് ആക്രമണങ്ങളെല്ലാം നടക്കുന്നത്. കവർച്ചസംഘങ്ങളെ അടിച്ചമർത്തുന്ന കാര്യത്തില്‍ കേരള-തമിഴ്നാട് പൊലീസിന്റെ ഏകോപനമില്ലായ്മയും പാതയില്‍ പൊലീസ് സാന്നിധ്യം കുറഞ്ഞതും അക്രമികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു.
ജൂണ്‍ 14ന് പുലർച്ചയാണ് എറണാകുളം പട്ടിമറ്റം സ്വദേശിയായ അസ്ലം സിദ്ദീഖും കൂട്ടുകാരും ആക്രമിക്കപ്പെടുന്നത്. മൂന്നു കാറുകളിലെത്തിയ, പട്ടാളക്കാരൻ ഉള്‍പ്പെടുന്ന കവർച്ചസംഘം പുലർച്ച രണ്ടരയോടെ മധുക്കരയില്‍വെച്ച് അസ്ലമിന്റെ കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മുഖംമൂടിധരിച്ച അക്രമികള്‍ കാറിന്റെ ഗ്ലാസ് തകർത്ത് അപായപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഭാഗ്യംകൊണ്ടാണ് അസ്ലമും സുഹൃത്തുക്കളും രക്ഷപ്പെട്ടത്. സംഭവത്തില്‍ ചിറ്റൂർ, കൊഴിഞ്ഞാമ്പാറ സ്വദേശികളായ പട്ടാളക്കാരൻ വിഷ്ണു, രമേഷ്ബാബു, ശിവദാസ്, അജയകുമാർ, ജിനു, ജിജീഷ്, നന്ദൂ എന്നിങ്ങനെ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. കവർച്ചസംഘത്തിൽ 11ഓളം ഉള്ളതായതാണ് പൊലീസ് നിഗമനം. ദേശീയപാതയില്‍ ചാവടിക്ക് സമീപം എട്ടിമട ബൈപാസില്‍, പാലക്കാട് കണ്ണാടി സ്വദേശികളായ വ്യവസായികളെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവം നടന്നത് ഫെബ്രുവരി 23നാണ്.ചെന്നൈയില്‍ വ്യവസായികളായ കണ്ണാടി സ്വദേശികള്‍ മുഹമ്മദ് റിൻസി (29), മുഹമ്മദ് സഹല്‍ (28), അരുണ്‍കുമാർ (25) എന്നിവർ എട്ടിമട ബൈപാസില്വെച്ചാണ് ആക്രമണത്തിന് ഇരകളായത്. ഇവർ ചെന്നൈയില്‍നിന്ന് കാറില്‍ നാട്ടിലേക്ക് വരുകയായിരുന്നു. പുലർച്ച നാലോടെ എട്ടിമട ബൈപാസിന് സമീപമെത്തിയപ്പോള്‍ വ്യവസായികളുടെ കാറിന് മുന്നില്‍ ലോറി കുറുകെനിർത്തി കവർച്ചക്കാർ ചാടിയിറങ്ങി. മുഹമ്മദ് റിൻസിനെയും സുഹൃത്തുക്കളെയും കാറില്‍നിന്ന് പുറത്തിറക്കി മർദിച്ചശേഷം റോഡില്‍ ഉപേക്ഷിച്ച് കാർ തട്ടിയെടുത്തു. പിറ്റേദിവസം കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആളൊഴിഞ്ഞ പറമ്പില്‍ കാർ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കാറില്‍ പണമുണ്ടെന്ന് കരുതിയായിരുന്നു കവർച്ച.
കൊഴിഞ്ഞാമ്പാറ, ചിറ്റൂർ സ്വദേശികളായ പത്തുപേരാണ് സംഘത്തിലുണ്ടായിരുന്നത്മേയ് 22ന് രാത്രി 11.30ഓടെ ദേശീയപാത നവക്കരയില്‍ ധർമപുരി പുതുപ്പട്ടി സ്വദേശിയായ ട്രക്ക് ഡ്രൈവർ കവർച്ചക്കിരയായത് പൊലീസിനെപ്പോലും ഞെട്ടിച്ച സംഭവമായിരുന്നു. ചുരിദാർ ധരിച്ച് മുഖം മറച്ച ഒരാള്‍ ടോർച്ചടിച്ച് ഡ്രൈവറെ ആകർഷിച്ചു. താഴെയിറങ്ങിയ ഡ്രൈവറെ ഒളിഞ്ഞിരുന്ന അക്രമികള്‍ മർദിക്കുകയും കൈയിലുണ്ടായിരുന്ന 2,500 രൂപ തട്ടിയെടുക്കുകയും ചെയ്തു. മേയ് 23ന് വെളുപ്പിന് മൂന്നരയോടെ മേട്ടുപ്പാളയം സ്വദേശിയായ ഡ്രൈവറും സമാനരീതിയില്‍ കവർച്ചക്കിരയായി. നഷ്ടമായത് 30,000 രൂപ.
വാളയാർ: ദേശീയപാതയിൽ കോയമ്പത്തൂർ മധുക്കരയിൽ എറണാകുളം സ്വദേശികളായ കാർ യാത്രക്കാരെ ആക്രമിച്ച കേസിൽ ഏഴുപേർ കൂടി അറസ്റ്റിൽ. മലമ്പുഴ കാഞ്ഞിരംകടവ് സ്വദേശി ജിനു (31), അംബികാപുരം ചുള്ളിയോട് ജിജീഷ് (32), കുന്നത്തൂർമേട് ചിറക്കാട് നന്ദകുമാർ (31), പാലക്കാട് സ്വദേശികളായ ജിതിൻ (23), ഹരീഷ്കുമാർ (28), അനീഷ് (നെയ്മർ-38), രാജീവ് (35) എന്നിവരെയാണ് മധുക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ കാറും ചിറ്റൂരിൽനിന്ന് പൊലീസ് പിടികൂടി. 14ന് പുലർച്ചെയാണ് എറണാകുളം സ്വദേശികളായ വ്യവസായികളെ ദേശീയപാതയിൽ പ്രതികൾ ആക്രമിച്ചത്. കേസിൽ ഇതുവരെ 12 പേർ അറസ്റ്റിലായി. പ്രതികളെ കണ്ടെത്താൻ കസബ, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ സ്റ്റേഷനുകളിലെ പൊലീസിന്റെ സഹായം തമിഴ്നാട് പൊലീസ് തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.