പാലക്കാട്: ടോക്യോ ഒളിമ്പിക്സ് വേദിയിൽ ശ്രീശങ്കർ മത്സരിക്കാനിറങ്ങുമ്പോൾ നാടിനൊപ്പം ശ്രീശങ്കറിെൻറ വീടും ആവേശത്തിലായിരുന്നു. മത്സരം തുടങ്ങുന്ന ശനിയാഴ്ച വൈകീട്ട് 3.40നു മുമ്പുതന്നെ അമ്മ ബിജിമോളും സഹോദരി ശ്രീപാർവതിയും വലിയച്ഛൻ ഹരിഹരനും മക്കളുമെല്ലാം ടെലിവിഷനു മുന്നിൽ ഇരിപ്പുറപ്പിച്ചിരുന്നു. മത്സരം തുടങ്ങുന്നതിനു മുമ്പ് ശ്രീശങ്കർ അമ്മയുമായി വിഡിയോ കാളിൽ സംസാരിച്ചു. ഇടക്ക് കൂടുതൽ വിവരങ്ങൾക്കായി ബിജിേമാൾ മൊബൈൽ സ്ക്രീനിലേക്ക്.
ആദ്യചാട്ടം 7.69 മീറ്റർ എത്തിയതും ആവേശത്തിനൊപ്പം ഒരൽപം ആശങ്ക. 8.26 ചാടി മുമ്പ് ട്രാക്കിൽ കരുത്ത് കാണിച്ച ശ്രീശങ്കർ, മികച്ച ഫോമിലേക്ക് ഉയരണേയെന്ന പ്രാർഥനയിലായിരുന്നു എല്ലാവരും. വീണ്ടും ഇമവെട്ടാതെ ടെലിവിഷൻ സ്ക്രീനിലേക്ക്. രണ്ടാം ചാൻസിൽ 7.51 മീറ്റർ. നെഞ്ചിടിപ്പ് ഏറുന്നതിനിടയിൽ, പ്രതീക്ഷകളോടെ മൂന്നാം അവസരത്തിലേക്ക്, എന്നാൽ 8.15 എന്ന യോഗ്യത ലക്ഷ്യം മറികടക്കാൻ ഇക്കുറിയുമായില്ല. 7.43 മീറ്ററായിരുന്നു അവസാന അവസരത്തിൽ ശ്രീശങ്കർ ചാടിയത്. യോഗ്യത കടമ്പ കടക്കാനാവാതെ പോയതിെൻറ ദുഃഖം എല്ലാവരുടേയും മുഖത്ത്. അൽപനേരം വീടാകെ മൗനത്തിലാണ്ടു. സങ്കടത്തിൽ മുഖം താഴ്ത്തിയ അമ്മ ബിജിമോൾ ഏതാനും നിമിഷങ്ങൾക്കുശേഷം മനഃസ്ഥൈര്യം വീണ്ടെടുത്തു.
22കാരനായ ശ്രീശങ്കർ ഒളിമ്പിക്സിൽ മാറ്റുരക്കുന്നതുതന്നെ അഭിമാനിക്കേണ്ട കാര്യമാണെന്നും അടുത്ത ഒളിമ്പിക്സിലേക്കുള്ള തയാറെടുപ്പിന് ഇത് പ്രചോദനമാകുമെന്നും ബന്ധുക്കൾ പറഞ്ഞു. 22ാം സ്ഥാനത്താണ് ശ്രീശങ്കർ. പരിശീലകൻ കൂടിയായ അച്ഛൻ മുരളി, ശ്രീശങ്കറിനൊപ്പം ടോക്യോവിലുണ്ട്. കഴിഞ്ഞ മാർച്ചിൽ പട്യാല ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലായിരുന്നു ഒളിമ്പിക്സിലേക്കുള്ള 8.26 മീറ്റർ എന്ന യോഗ്യത മാർക്ക് മറികടന്ന ശങ്കുവിെൻറ പ്രകടനം. 8.22 മീറ്റർ ആയിരുന്നു ഒളിമ്പിക്സ് യോഗ്യത മാർക്ക്.
ആദ്യ മത്സരത്തിെൻറ സമ്മർദമാവാം കാരണം –ബിജിമോൾ
പാലക്കാട്: പുതിയ നാടും ആദ്യ മത്സരത്തിെൻറ മാനസിക സമ്മർദവും ബാധിച്ചതിനാലാകും ശങ്കുവിെൻറ ഈ പ്രകടനമെന്ന് അമ്മ ബിജിമോൾ പറഞ്ഞു. അവനിനിയും ലക്ഷ്യത്തിലെത്താൻ സമയമുണ്ട്. അടുത്ത ഒളിമ്പിക്സിൽ ശങ്കു മെഡൽ നേടും -മുൻ ദേശീയ കായിക താരംകുടിയ ബിജിമോൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.