നെന്മാറ: തെരുവ് നായുടെ കടിയേറ്റ വീട്ടമ്മയുടെ നില ഗുരുതരമായി തുടരുന്നു. നെന്മാറ വിത്തനശ്ശേരി തേങ്ങാപറമ്പ് കോളനി സ്വദേശിയായ സരസ്വതിയെ (58) ബന്ധുവീട്ടിൽ പോയി വരുമ്പോൾ തെരുവ് നായ് ആക്രമിക്കുകയായിരുന്നു. മേയ് ഒന്നിനായിരുന്നു സംഭവം.
പേ വിഷ ചികിത്സക്കായി നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയെങ്കിലും നാല് ഡോസായി നൽകാറുള്ള വാക്സിൻ നൽകിയശേഷം മുറിവ് വലുതായതിനാൽ എ.ആർ.സി. (ആന്റി റാബീസ് സീറം) വാക്സിൻ എടുക്കാനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് അയച്ചു. പാലക്കാട് കുത്തിവെപ്പ് നടത്തിയെങ്കിലും കാലിൽ നീര് വന്ന് തൃശ്ശൂർ മെഡിക്കൽ കോളജിൽ തുടർ ചികിത്സ നടത്തി കാൽപാദം മുറിച്ചു മാറ്റി. പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമായില്ലെന്ന് വീട്ടുകാർ പറയുന്നു.
പേ വിഷം ശരീരത്തിൽ കടന്നെന്നും സരസ്വതിയെ തീവ്രപരിചരണ വിഭാഗത്തിൽ കിടത്തി കൃത്രിമ ശ്വാസം നൽകിയാണ് ജീവൻ നിലനിർത്തുന്നതെന്നും സരസ്വതിയുടെ വീട്ടുകാർ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ചികിത്സചെലവ് താങ്ങാനാവുന്നതിലുമപ്പുറമാണ്. സർക്കാർ സൗജന്യ വിദഗ്ധ ചികിത്സ നൽകണമെന്ന് വീട്ടുകാർ ആവശ്യപെടുന്നു. ഏക മകൻ ബിജുവിന്റെ സ്വകാര്യ ബസിൽ ജോലിയെടുത്തു കിട്ടുന്ന വരുമാനം മാത്രമാണ് ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.