കോട്ടായി: കൂത്തലക്കാട് വൈദ്യുതി കെണിയിൽപെട്ട് തൊഴിലാളി മരിച്ച സംഭവത്തിൽ വൈദ്യുതിക്കെണി സ്ഥാപിച്ച മൂന്നു പേർക്കെതിരെ കോട്ടായി പോലീസ് കേസെടുത്തു. രണ്ടും മൂന്നും പ്രതികളായ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി വൈദ്യുതി കെണിയിൽ നിന്ന് പൊള്ളലേറ്റ് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
കോട്ടായി ചെറുകുളം കൂത്തലക്കാട് പിലാപ്പത്തൂർ വീട്ടിൽ പരേതനായ ചന്ദ്രന്റെ മക്കളായ രാജീവ്, സജീവ് എന്നിവരാണ് കേസിൽ ഒന്നും രണ്ടും പ്രതികൾ. ചെറുകുളം കോട്ടയിൽ വീട്ടിൽ തെയ്യാലന്റെ മകൻ ജയൻ എന്ന ജയകൃഷ്ണനാണ് മൂന്നാം പ്രതി. പാലക്കാട് കോടതിയിൽ ഹാജരാക്കിയ രണ്ടും മൂന്നും പ്രതികളെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഒന്നാം പ്രതി രാജീവിന്റെ അറസ്റ്റ് ചികിത്സ കഴിഞ്ഞ് രേഖപ്പെടുത്തും.
മൂന്നു പേരും വളരെക്കാലമായി വൈദ്യുതിക്കെണി ഉപയോഗിച്ച് കാട്ടുപന്നിവേട്ട നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. മൂവരും ചേർന്ന് കണക്ഷൻ വിഛേദിക്കാൻ പോയപ്പോൾ രാജീവിന് ഷോക്കേറ്റു. ഇതുകണ്ട സജീവും ജയകൃഷ്ണനും തോർത്ത് മുണ്ട് ഇട്ട് വലിച്ച് രക്ഷപ്പെടുത്തി. പരിക്കേറ്റ രാജീവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന തിരക്കിൽ വൈദ്യുതി കണക്ഷൻ വിഛേദിക്കാൻ മറന്നു. ഈ സമയം സംഭവമറിഞ്ഞെത്തിയ സുന്ദരന് ഷോക്കേൽക്കുകയും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരിക്കുകയുമായിരുന്നു. ആലത്തൂർ ഡി.വൈ.എസ്.പി മുരളീധരൻ, കോട്ടായി സർക്കിൾ ഇൻസ്പെക്ടർ സിജോ വർഗീസ്, എസ്.ഐ ഉണ്ണി മുഹമ്മദ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.