പത്തിരിപ്പാല: ആൾതാമസമില്ലാത്ത വീട്ടിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. വീട് പൂർണമായും തകർന്നു. കൈകൾക്ക് പൊള്ളലേറ്റ വീട്ടുടമ മണ്ണൂർ പെരടിക്കുന്ന് പൂളക്കൽ വീട്ടിൽ സെയ്ത് മുഹമ്മദിനെ (60) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 3.45 നാണ് നാടിനെ നടുക്കിയ സംഭവം. ഇവർ താമസിക്കുന്ന വീടിന്റെ തൊട്ട് മുന്നിലെ ആൾതാമസമില്ലാത്ത ഓടിട്ട വീടാണ് പൊട്ടിത്തെറിയിൽ തകർന്നത്. ശക്തമായ ചുടായിരിക്കാം പൊട്ടിത്തെറിക്ക് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. സമീപത്തെ വീടുകളിലെ ചില്ലുകളും തകർന്നു. കിലോമീറ്ററോളം ദൂരം സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. മങ്കര സി.ഐ ഹരീഷിന്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി. കുടുംബം താമസിക്കുന്ന പുതിയ വീട് പൊലീസ് പരിശോധിച്ചു. പരിശോധനയിൽ അകത്ത് പടക്കസാമഗ്രികൾ സൂക്ഷിച്ചതായി കണ്ടെത്തിയെന്ന് സി.ഐ പറഞ്ഞു. രാത്രിയോടെ സയന്റിഫിക് വിഭാഗവും പരിശോധന നടത്തി. കൂടുതൽ പരിശോധനക്ക് ശേഷമേ വ്യക്തമായ കാരണം പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു. മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, വാർഡ് അംഗം സുജിത് കുമാർ, പഞ്ചായത്തംഗം സരിത എന്നിവരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.