ക്ഷീരകര്‍ഷകർക്കുള്ള ഇന്‍സെന്റിവും കാലിത്തീറ്റ സബ്സിഡിയും നിലച്ചു

പാലക്കാട്: ക്ഷീരസംഘങ്ങളില്‍ പാല്‍ നൽകുന്ന കര്‍ഷകര്‍ക്ക് സർക്കാർ നല്‍കുന്ന മില്‍ക് ഇന്‍സെന്റിവും കാലിത്തീറ്റ സബ്‌സിഡിയും നിലച്ചു. കർഷകന് ലിറ്റര്‍ ഒന്നിന് മൂന്നുരൂപ വീതമാണ് ഇന്‍സന്റിവ് നല്‍കിയിരുന്നത്. യുവാക്കളെയടക്കം ക്ഷീരമേഖലയിലേക്ക് ആകര്‍ഷിച്ച് പാലുല്‍പാദനം കൂട്ടുക ലക്ഷ്യമിട്ടുള്ള പദ്ധതിപ്രകാരം ഒരുവര്‍ഷം സബ്‌സിഡി നല്‍കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍, ആഗസ്റ്റ് വരെ മാത്രമേ വിതരണം നടന്നിട്ടുള്ളൂ. ഏകദേശം 25.35 കോടിയാണ് ഓണത്തിന് വിതരണം ചെയ്തത്. അത് ക്ഷീരവികസന വകുപ്പിന്റെ പദ്ധതിവിഹിതത്തില്‍നിന്ന് നേരിട്ട് നല്‍കുകയായിരുന്നു. ഇൻസെന്റിവ് തുക തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ടില്ലാത്തതിനാല്‍ മൂന്നുമാസമായി ഇത് കൊടുത്തിട്ടില്ല.

അടുത്ത മാര്‍ച്ചുവരെ കൊടുക്കാന്‍ പദ്ധതിക്ക് മൊത്തം 190 കോടി രൂപയോളം വേണം. സര്‍ക്കാറിന്റെ കന്നുകാലി ഇന്‍ഷുറന്‍സും ക്ഷീരകർഷകർക്ക് ഗുണകരമല്ലാതായി. 500 രൂപയായിരുന്നു മുമ്പ് ഇതിലേക്ക് അടക്കേണ്ടിയിരുന്നത്. ഇപ്പോള്‍ 5000 രൂപ നൽകണമത്രെ. കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി രണ്ടര വര്‍ഷം വരെ കൊടുത്തിരുന്ന കാലിത്തീറ്റ സബ്‌സിഡിയും ഇപ്പോഴില്ല. ഈ മാസം ഒന്നുമുതല്‍ പാലിന്റെ വില്‍പനവില ലിറ്ററിന് ആറുരൂപയാണ് കൂട്ടിയത്.

ഇതുപ്രകാരം നിലവിലെ വിലയെക്കാള്‍ 5.025 രൂപ കൂടുതലായി കര്‍ഷകന് നൽകുമെന്നാണ് മില്‍മ പറയുന്നത്. വര്‍ധനയുടെ 83.75 ശതമാനമാണിത്. ഗുണനിലവാരമനുസരിച്ച് 38.40 രൂപ മുതല്‍ 43.50 രൂപ വരെ കര്‍ഷകന് ലഭിക്കും. എന്നാല്‍, ഇതുകൊണ്ടുമാത്രം ക്ഷീരകര്‍ഷകരുടെ ഭാരിച്ച ഉല്‍പാദന ചെലവ് എന്ന പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാകില്ലെന്നാണ് പറയുന്നത്.

Tags:    
News Summary - Incentives and fodder subsidy stopped for dairy farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.