പാലക്കാട്: നഗരത്തിലെ ഏക ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ക്ക് ആഗസ്റ്റ് ഒന്നിനുള്ളില്‍ തുടക്കമാവുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി സ്റ്റേഡിയം തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തദ്ദേശ ഭരണ മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
നീന്തല്‍ക്കുളം ഉള്‍പ്പെടെ സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുങ്ങുക. കിഫ്ബി വഴി 14.55 കോടി രൂപ ലഭ്യമാക്കിയാണ് സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കുക. മന്ത്രി എം.ബി. രാജേഷ് കായിക മന്ത്രി വി. അബ്ദുറഹിമാനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
മന്ത്രിമാരായ കെ. രാജന്, കെ. രാധാകൃഷ്ണന്, ആര്. ബിന്ദു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പദ്ധതിക്ക് കിഫ്ബി വഴി 14.55 കോടിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കി സാമ്പത്തിക അനുമതി ലഭ്യമാക്കിയിട്ടുണ്ട്. സാങ്കേതിക അനുമതിയും ലഭിച്ചു. പാലക്കാടിന്റെ കായിക കുതിപ്പിന് പുത്തന്‍ ഊര്ജമേകുന്നതാകും സ്റ്റേഡിയമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട്: പണമില്ലാത്തതിനാൽ പാതിയിൽ മുടങ്ങിയ നഗരത്തിലെ ഇന്‍ഡോര്‍ സ്റ്റേഡിയം നിർമാണം എന്ന് യാഥാർഥ്യമാകുമെന്ന ആശങ്കയിലാണ് കായിക പ്രേമികൾ. ജില്ലയിലെ കായിമേഖലക്ക് കരുത്തേകാൻ ഒരു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് പറഞ്ഞ് 2010 ഏപ്രിലിൽ പ്രവൃത്തികൾ തുടങ്ങിയ സ്റ്റേഡിയം 13 വർഷമായിട്ടും പൂർത്തിയാക്കാനായിട്ടില്ല. നിലവില്‍ 9.12 കോടി രൂപ നിര്‍മാണത്തിന് ചിലവഴിച്ചെങ്കിലും 60 ശതമാനം പണികളാണ് പൂര്‍ത്തിയാക്കാനായത്.
നഗര ഭാഗത്ത് വിക്ടോറിയ കോളജിന് സമീപം 2.44 ഏക്കറില്‍ ഒരു ലക്ഷം ചതുരശ്ര അടിയിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. ബാസ്ക്കറ്റ് ബാൾ, വോളിബാൾ, ഹാൻഡ്ബാൾ, ഷട്ടിൽ, നെറ്റ്ബാൾ, ടെന്നീസ് കോർട്ടുകൾ, ഹെൽത്ത് ക്ലബ്, 6,600 പേർക്കിരിക്കാവുന്ന ഗാലറി, 3200 പേർക്കിരിക്കാവുന്ന ഇൻസൈഡ് കോർട്ട്, 100 പേർക്ക് താമസ സൗകര്യം, കോൺഫറൻസ് ഹാൾ, ഷോപ്പിങ് കോംപ്ലക്സ്, ഇങ്ങനെയൊക്കെ വിഭാവനം ചെയ്താണ് ഇൻഡോർ സ്റ്റേഡിയം പദ്ധതി ആരംഭിച്ചത്. സിവില്‍ വര്‍ക്കുകള്‍, ഇലക്ട്രിക്കല്‍, സീലിങ്, ഫയര്‍ ഫൈറ്റിങ് വര്‍ക്ക്, വുഡ് ഫ്ലോറിങ്, ലിഫ്റ്റ് തുടങ്ങിയവയാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. കിഡ്ക്കോക്കാണ് നിര്‍മാണ ചുമതല. ജില്ല കലക്ടര്‍ അധ്യക്ഷയായ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.