പാലക്കാട്: അട്ടപ്പാടി സന്ദർശിക്കാനെത്തിയ പ്രതിപക്ഷനേതാവിന് മുന്നിൽ പരാതികളുടെ കെട്ടഴിച്ച് വികാരഭരിതരായി ആദിവാസി സ്ത്രീകൾ. എന്തെങ്കിലും ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് ആരെങ്കിലും വരുന്നത്.
അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ആരും തിരിഞ്ഞുനോക്കാറില്ലെന്നും പ്രസവത്തിന് ഏതാനും ദിവസത്തിന് ശേഷം പേരക്കുട്ടി മരിച്ച ശെൽവി പ്രതിപക്ഷനേതാവിനോട് പറഞ്ഞു.
മുമ്പ് കാടെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ അതും ഇല്ലാത്ത അവസ്ഥയായി. മിക്കയിടത്തും വനംവകുപ്പ് ജണ്ട കെട്ടി തിരിക്കുകയാണ്. വരുന്ന തലമുറക്ക് ഇനി അവിടെ കയറാന്‍ പറ്റാത്ത നിലയിലാകുമെന്നും സ്ത്രീകള്‍ കുറ്റപ്പെടുത്തി. മണ്ണാർക്കാട് - അട്ടപ്പാടി റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. അറ്റകുറ്റപ്പണിപോലും നടത്താതെ തകർന്നുകിടക്കുന്ന റോഡ് വഴി വേണം രോഗികളെ പെരിന്തൽമണ്ണയിലും തൃശൂരിലുമുള്ള ആശുപത്രികളിലെത്തിക്കാൻ. ചികിത്സ ആവശ്യമുള്ള രോഗികള്‍ പലരോടും തൃശൂരിലേക്കോ പെരിന്തല്‍മണ്ണയിലേക്കോ പോകാനാണ് പറയുന്നത്.
റോഡ് സൗകര്യം പോലുമില്ലാത്തതിനാല്‍ രോഗികളെ കിലോമീറ്ററുകളോളം ചുമന്ന് കൊണ്ടാണ് പോകുന്നത്. ആദിവാസികള്‍ ആയതുകൊണ്ടാണോ ഇത്തരത്തില്‍ പെരുമാറുന്നതെന്നും സ്ത്രീകൾ ചോദിച്ചു. ആദിവാസികള്‍ക്ക് സ്നേഹിക്കാനേ അറിയൂ. ആരെയും വഞ്ചിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
'ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്'
പാലക്കാട്: അട്ടപ്പാടിയിലേത് ശിശുമരണമല്ല, കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ കേരളത്തിന് അപമാനമാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ശിശുമരണം നടന്ന ഉൗരുകളും കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയും സന്ദർശിച്ച ശേഷം വി.ഡി. സതീശൻ പറഞ്ഞു. പുതിയ ഒരു പദ്ധതിയും സർക്കാർ കൊണ്ടുവന്നിട്ടില്ല. ആശുപത്രിയോ ഡോക്ടർമാരോ ഇല്ല, എല്ലാ രോഗികളെയും പെരിന്തൽമണ്ണയിലേക്ക് റഫർ ചെയ്യുകയാണ്. അവിടേക്ക് പോവാൻ സൗകര്യങ്ങളില്ലെന്നത് സർക്കാർ പരിഗണിക്കുന്നില്ല. ആരോഗ്യമന്ത്രി അട്ടപ്പാടി സന്ദർശിച്ചതുകൊണ്ട് എന്ത് മാറ്റമാണ് വന്നത്. നോഡല്‍ ഓഫിസറെ ഇല്ലാത്ത യോഗത്തിനായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച ശേഷമാണ് മന്ത്രി അട്ടപ്പാടി സന്ദർശിച്ചത്.
പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫിസറോ മോണിറ്ററിങ് കമ്മിറ്റിയോ ഇല്ല. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് അട്ടപ്പാടിയിൽ നിരവധി പദ്ധതികൾ നടപ്പാക്കിയിരുന്നു. ഉമ്മൻചാണ്ടി സർക്കാറിെൻറ നടപടികൾ ശിശുമരണം കുറക്കാൻ സഹായകമായി. ഈ സർക്കാറിെൻറ കാലത്ത് അതെല്ലാം നിന്നുപോയി. സഹകരണ വകുപ്പ് വഴി പെരിന്തൽമണ്ണയിലെ ആശുപത്രിക്ക് 12 കോടി നൽകിയത് മൂന്നുകൊല്ലം കൊണ്ട് തീർന്നതായാണ് വിവരം. ആദിവാസികളെ മറയാക്കി ആശുപത്രി കൊള്ള നടത്തിെയന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. രാഷ്ട്രീയ വിഷയമെന്നതിലപ്പുറം പരിഹാരം കാണേണ്ട സാമൂഹിക പ്രതിസന്ധിയായാണ് ആദിവാസി ശിശുമരണങ്ങളെ കാണുന്നത്. പ്രതിപക്ഷം വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.