മുതലമട: ഇരുപൂവൽ നെൽപാടം നികത്തി മാവ് കൃഷി. മുതലമട, കൊല്ലങ്കോട്, പട്ടഞ്ചേരി, പെരുമാട്ടി, എലവഞ്ചേരി പഞ്ചായത്തുകളിലാണ് 400 ഏക്കറിലധികം നെൽപാട ശേഖരങ്ങളിൽ മാവുകൃഷി ആരംഭിച്ചിട്ടുള്ളത്. 7000 ഹെക്ടർ മാവ് കൃഷിയുള്ള മുതലമട, കൊല്ലങ്കോട്, പട്ടഞ്ചേരി, പെരുമാട്ടി, എലവഞ്ചേരി പഞ്ചായത്തുകളിൽ പ്രതിവർഷം 50-90 ഹെക്ടർ വരെ മാവ് കൃഷി വർധിക്കുകയാണ്. നെൽവയൽ തണ്ണീർത്തട നിയമം കാറ്റിൽ പറത്തി നടത്തുന്ന ഭൂമി പരിവർത്തനങ്ങൾക്കെതിരെ കൃഷി വകുപ്പ് മൗനം പാലിക്കുന്നതിനെതിരെ ചില നെൽ ഉൽപാദകപാടശേഖര സമിതി ഭാരവാഹികൾ പ്രതിഷേധിക്കാറുണ്ടെങ്കിലും ഫലമില്ല.
നീരൊഴുക്ക് തടസ്സപ്പെടുത്തി മാവിൻതൈകൾ വെച്ചുപിടിപ്പിക്കുന്നതിനാൽ സമീപത്തെ നെൽപാടശേഖരങ്ങളിൽ വെള്ളമെത്താത്ത അവസ്ഥയുണ്ട്. വിളവ് കുറഞ്ഞാലും ലാഭകരമായ കൃഷിയാണ് മാവ് എന്ന ചിന്തയിലാണ് നെൽകർഷകർ മാവ് കൃഷിയിലേക്ക് നീങ്ങുന്നത്.
ഉൽപാദന ബോണസും ഉഴവുകൂലിയും ഉൾപ്പെടെ നെൽകൃഷിക്കുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങിയെടുത്ത് മാവിൻ തോട്ടങ്ങളാക്കിയ ഏക്കർ കണക്കിന് പാടശേഖരങ്ങൾ മുതലമടയിലും കൊല്ലങ്കോട്ടുമുണ്ട്. ദിവസങ്ങൾക്കുമുമ്പ് കൊല്ലങ്കോട് സന്ദർശിച്ച കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിൽ കൊല്ലങ്കോടിന്റെ പ്രകൃതി ഭംഗികൾ ഒപ്പിയെടുത്ത ചിത്രങ്ങളിൽ തേക്കിൻചിറയിൽ കതിരണിഞ്ഞ പാടത്ത് മാവുകൾ വളർന്നുനിൽക്കുന്നതും ഇടം പിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.