പാലക്കാട്: കൊടിയേറ്റം കഴിഞ്ഞ കൽപാത്തി അഗ്രഹാരം ഉത്സവത്തിമിർപ്പിൽ. നവംബർ 14, 15, 16 തീയതികളിലാണ് രഥോത്സവം. തേരുകാലം കുടുംബാംഗങ്ങളുടെ ഒത്തുൽചേരൽ കൂടിയാണ്. കുട്ടികളുടെ കളിചിരിയും അരിപൊടികൊണ്ട് വരയ്ക്കുന്ന കോലങ്ങളും ഗ്രാമത്തെ ഉത്സവാന്തിരീക്ഷത്തിലെത്തിക്കുകയാണ് പതിവ്. ദിവസങ്ങൾക്കുമുമ്പേ തുടങ്ങിയ രഥങ്ങളുടെ അറ്റകുറ്റപ്പണികളും അലങ്കാര പ്രവൃത്തികളും പൂർത്തിയായി.
ആദ്യ രണ്ടു ദിനങ്ങളിലെ ഒന്നാം തേരും രണ്ടാം തേരും രഥപ്രയാണത്തിനു ശേഷം മൂന്നാം തേരുദിനമായ 16ന് സന്ധ്യക്ക് കുണ്ടമ്പലത്തിലെ തേരുമുട്ടിയിൽ നടക്കുന്ന രഥസംഗമത്തിന് ജനസഹസ്രങ്ങളുണ്ടാകും. ഗ്രാമവീഥികളിൽ ഭൂഗർഭ കേബിൾ സംവിധാനം വന്നതോടെ രഥോത്സവ സമയത്തുള്ള വൈദ്യുതി മുടക്കം ഇപ്പോഴില്ലാത്തതും ശ്രദ്ധേയമാണ്.
രഥോത്സവം കാണുന്നതിനായി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കൂടാതെ വിദേശികളും എത്താറുണ്ട്. സുരക്ഷക്കായി പൊലീസിന്റ പ്രത്യേകം സംഘങ്ങളുമുണ്ടാകും. ശേഖരിപുരം മുതൽ പുതിയ പാലം വരെ നീളുന്ന കച്ചവടക്കാരും ഉത്സവത്തിന്റെ ഭാഗമാവുമ്പോൾ ഗ്രാമവീഥികളും നിരവധി കച്ചവടക്കാരാൽ നിറയുന്ന കാഴ്ചയാണ്.
ജില്ലയിൽ കൊടുമ്പ്, കൊടുവായൂർ, ചിറ്റൂർ എന്നിവിടങ്ങളിലൊക്കെ രഥോത്സവം നടക്കുന്നുണ്ടെങ്കിലും കൽപാത്തിയിലേത് ദേശീയ ശ്രദ്ധയാകർഷിച്ച ഉത്സവം കൂടിയാണ്. തേരുകാലത്തെ ഗ്രാമവീഥികളിലെ കച്ചവടവും ഗ്രാമവാസികളുടെ സൗഹൃദവുമെല്ലാം തേരിനു മാറ്റുകൂട്ടുന്നു.
ജില്ലയിൽ നിരവധി പൈതൃക ഗ്രാമങ്ങളുണ്ടെങ്കിലും ഗ്രാമവീഥികളുടെ വലുപ്പം കൊണ്ടും രഥോത്സവത്തിന്റെ പെരുമ കൊണ്ടും പേരുകേട്ട കൽപാത്തിയിലെ രഥോത്സവം സമാഗമമാവുമ്പോൾ ഒരു രഥോത്സവത്തിന്റെ സുകൃതം നുകരാനുള്ള ആഘോഷത്തിലാണ് ഗ്രാമവാസികൾക്കൊപ്പം നെല്ലറയിലെ വിശ്വാസി സമൂഹവും.
പാലക്കാട്: കൽപാത്തി രഥോത്സവം അഞ്ചാം ദിവസമായ ഞായറാഴ്ച രഥ സംഗമം നടക്കും. രാത്രി 11.30 മുതൽ 12.30 വരെയാണ് ചടങ്ങ്. നാലു ക്ഷേത്രങ്ങളിൽ നിന്നുമുള്ള അലങ്കരിച്ച ചെറു രഥങ്ങൾ ഗ്രാമ വീഥികളിലൂടെ സഞ്ചരിച്ച് പുതിയ കൽപാത്തിയിൽ സംഗമിക്കും. വേദമന്ത്രോച്ചാരണങ്ങളോടെ വേദ പണ്ഡിതർ അനുഗമിക്കും. അനേകം വാദകർ അണിനിരക്കുന്ന നാദസ്വര- തവിലും ചെണ്ടമേളവും അരങ്ങേറും. രാവിലെ ജപ-ഹോമ - അഭിഷേക- ദീപാരാധനകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.