കാഞ്ഞിരപ്പുഴ: വരൾച്ച രൂക്ഷമായതോടെ അണക്കെട്ടിൽനിന്ന് ജലവിതരണം നടത്തുന്ന രണ്ട് പ്രധാന കനാലുകൾ വെള്ളിയാഴ്ച അടച്ചു. കാഞ്ഞിരപ്പുഴ ഡാമിലെ കരുതൽ ജലശേഖരം കുറഞ്ഞതോടെയാണ് വിതരണം നിർത്തിവെച്ചത്. വിവിധ കോണുകളിൽനിന്നുള്ള ആവശ്യവും സമർദവും ഒരുപോലെ ഉയർന്നപ്പോഴാണ് രണ്ട് മാസം തുടർച്ചയായി ജലവിതരണം നടത്തിയത്.
ചരിത്രത്തിലാദ്യമായാണ് വേനൽ രൂക്ഷമായ സാഹചര്യത്തിൽ കാഞ്ഞിരപ്പുഴ ഡാം വറ്റുന്നത്. മുൻകാലങ്ങളിൽ 15 ദിവസം ഇടവിട്ടാണ് കാഞ്ഞിരപ്പുഴ ഡാം തുറന്നുവിടാറ്. ഇക്കുറി 65 ദിവസം ഡാമിൽനിന്ന് തുടർച്ചയായി ജലവിതരണം നടത്തി. ഇതോടെ ഡാമിനകത്തെ കരുതൽ ശേഖരവും തീർന്നു. വേനൽ കടുക്കുന്നതോടെ മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ കൃഷി നനക്കാൻ കാഞ്ഞിരപ്പുഴ ഡാമിലെ വെള്ളമാണ് തുറന്നുവിടുക. ഇത്തവണ മേയിൽ വിതരണം ചെയ്യാൻ ഡാമിൽ വെള്ളമില്ല.
നല്ലതോതിൽ വേനൽമഴ കിട്ടിയാൽ മാത്രമേ കാഞ്ഞിരപ്പുഴ ഡാമിൽ ജലം സംഭരിക്കാനാവൂ. വേനൽമഴ ലഭിക്കാത്തപക്ഷം ജലവിതരണവും അടഞ്ഞ അധ്യായമാവും. മഴക്കാലത്ത് അടിഞ്ഞുകൂടിയ ചളിയും പാഴ്വസ്തുക്കളും നീക്കി കനാൽ നവീകരണം ത്വരിതപ്പെടുത്തിയാൽ നിലവിൽ അവശേഷിക്കുന്ന ഡാമിലെ വെള്ളം അടുത്ത സ്ഥലങ്ങളിൽ ഉപയോഗിക്കാനാവും. 9713 ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താൻ 1995ലാണ് കാഞ്ഞിരപ്പുഴ ഡാം നിർമിച്ചത്. ഡാമിൽനിന്ന് വിതരണം ചെയ്യുന്ന വെള്ളം മുഖേന കനാൽ തീരപ്രദേശങ്ങളിൽ കുടിനീർലഭ്യത ഉറപ്പ് വരുത്താൻ സാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.