പാലക്കാട്: േകാവിഡ് കാരണമായുള്ള ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച കേരള-തമിഴ്നാട് അന്തർ സംസ്ഥാന ബസ് സർവിസ് ഒന്നര വർഷം പിന്നിട്ടിട്ടും പുനരാരംഭിക്കാനായില്ല. തമിഴ്നാട്-കർണാടക, കേരള-കർണാടക സംസ്ഥാനാന്തര ബസ് സർവിസുകൾ പുനരാരംഭിച്ചെങ്കിലും ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്തുവന്നിരുന്ന തമിഴ്നാട്-കേരള സർവിസുകൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്.
അന്തർ സംസ്ഥാന സർവിസിന് തടസ്സം നിൽക്കുന്നത് തമിഴ്നാട് ആണെന്ന് പറയുന്നു. കേരളത്തിലെ ഉയർന്ന കോവിഡ് സ്ഥിരീകരണ നിരക്ക് (ടി.പി.ആർ) ആണ് സർവിസ് പുനരാരംഭിക്കാൻ തടസ്സമായി തമിഴ്നാട് ചൂണ്ടിക്കാട്ടുന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് തമിഴ്നാടും കർണാടകയും ബംഗളൂരു-ഉൗട്ടി റൂട്ടിൽ കഴിഞ്ഞ ദിവസം ബസ്സോട്ടം തുടങ്ങിയിരിക്കെയാണ് സാധാരണ യാത്രക്കാർ ഏറെയുള്ള കോയമ്പത്തൂർ, പൊള്ളാച്ചി അടക്കം റൂട്ടുകൾ ഒന്നര വർഷമായി നിശ്ചലമായി കിടക്കുന്നത്. നേരത്തെ തമിഴ്നാട് വഴി കർണാടകയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവിസുകൾക്കും തമിഴ്നാട് തടയിട്ടിരുന്നു.
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നുവെന്ന് പറഞ്ഞാണ് ജനങ്ങളുടെ അത്യാവശ്യ യാത്രകൾക്ക് തടയിടുന്നത്. കേരളത്തിൽ പരിശോധനക്ക് വിധേയമാകുന്നവരുടെ എണ്ണം കൂടുതലായതിനാലാണ് ടി.പി.ആർ ഉയർന്നുനിൽക്കുന്നതെന്ന വാദമുണ്ട്. തമിഴ്നാട്ടിലും കർണാടകയിലും കൂടുതൽ പേർക്ക് രോഗം വന്നുപോയത് അവിടെ ടി.പി.ആർ കുറയാൻ കാരണമാണ്.
കേരള-കർണാടക മാതൃകയിൽ വാക്സിൻ എടുത്തവരോ ആർ.ടി.പി.സി.ആർ ഹാജരാക്കുന്നവരോ ആയ ആളുകളെ യാത്ര ചെയ്യാൻ അനുവദിക്കുകയെന്ന സമീപനവും തമിഴ്നാടിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഇതിനകം പുനരാരംഭിച്ച പാസഞ്ചർ ഒഴിച്ചുള്ള ട്രെയിനുകളിൽ കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് ആളുകൾ സംസ്ഥാനാന്തര യാത്ര നടത്തുന്നത്.
കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും നിരവധി പേർ ഇങ്ങനെ യാത്ര െചയ്യുന്നുണ്ട്. എന്നാൽ ബസ് സർവിസിെൻറ കാര്യത്തിൽ മാത്രമാണ് തമിഴ്നാട് മുൻ നിലപാട് തുടരുന്നത്. പാലക്കാട്ടുനിന്ന് കോയമ്പത്തൂർ, െപാള്ളാച്ചി, പഴനി, ഉൗട്ടി ഭാഗത്തേക്ക് പ്രതിദിനം 5000ത്തിനും 6000ത്തിനും ഇടയിൽ ആളുകൾ ലോക്ഡൗണിന് മുമ്പ് യാത്ര ചെയ്തിരുന്നു. ബസ് സർവിസ് പുനരാരംഭിക്കാത്തത് കേരള-തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് കനത്ത നഷ്ടമാണ്.
കെ.എസ്.ആർ.ടി.സി പാലക്കാട്-കോയമ്പത്തൂർ റൂട്ടിൽ പ്രതിദിനം 250 ട്രിപ്പുകൾ വരെ നടത്തിയിരുന്നു. ഇതിലൂടെ പ്രതിദിനം നാല് ലക്ഷം രൂപവരെ കോർപറേഷന് വരുമാനം ഉണ്ടായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ഉൗട്ടി സർവിസുകൾക്കും ഉയർന്ന കലക്ഷൻ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.