പാലക്കാട്: ഖാദി ഗ്രാമോദ്യോഗിന്റെ വ്യാപാരം ചരിത്രപരമായ 1.5 ലക്ഷം കോടി രൂപയിലെത്തിയതായും ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ൽ പ്രഖ്യാപിച്ചുവെങ്കിലും കേരളത്തിലെ ഖാദി മേഖല പ്രതിസന്ധിയിൽ തന്നെ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെയും ഫാഷന്റെയും പ്രതീകമായി ഖാദി വേറിട്ടുനിൽക്കുന്നുവെന്ന് പറയുമ്പോഴാണ് ഈ അവസ്ഥ. ഖാദി മേഖലയെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും സർക്കാർ നിർബന്ധബുദ്ധി കാണിക്കുമ്പോഴും ആ മേഖലയിൽ ജോലിചെയ്യുന്നവരെ സംരക്ഷിച്ചു നിർത്താൻ വേണ്ട നടപടികളൊന്നുമില്ല എന്നതാണ് യാഥാർഥ്യം. ചുരുങ്ങിയ വേതനത്തിൽ പാവപ്പെട്ട സ്ത്രീകളാണ് ഈ മേഖലയിൽ ജോലിയെടുക്കുന്നത്.
കേരളത്തിൽ ഖാദിബോർഡിന്റെ കീഴിലും സർവോദയസംഘത്തിന്റെ കീഴിലുമാണ് ഖാദി നൂൽനൂൽപ്പും ഉൽപാദനവും നടക്കുന്നത്. ഖാദി കൈത്തറികളിൽ ജോലിയെടുക്കുന്നവർക്കും നൂൽ നിർമാണത്തിലുള്ളവർക്കും ഉൽപാദനത്തിനനുസരിച്ചാണ് വേതനം ലഭിക്കുക. ഒരു തറിയിൽ രണ്ടാൾ വീതമാണ് ജോലിയെടുക്കുക. ഒരു മാസം 10 മുണ്ടാണ് (20 മീറ്റർ) ഏകദേശം ഒരു തറിയിൽ ഉണ്ടാക്കാനാവുക. ഏകദേശം 3500ഓളം രൂപയാണ് ഇതിന് ലഭിക്കുക. നൂൽനൂപ് കേന്ദ്രങ്ങളേക്കാൾ പരിതാപകരമാണ് തറികളിൽ ജോലിചെയ്യുന്നവരുടേത്.
അഞ്ച് ദിവസം കൊണ്ട് 100 കഴി നൂൽ ഉൽപാദിപ്പിക്കുമ്പോൾ തറികളിൽ ജോലിചെയ്യുന്നവർക്ക് അഞ്ച് ദിവസംകൊണ്ട് നാല് മീറ്റർ (രണ്ട് മുണ്ട്) തുണിയേ ഉൽപാദിപ്പിക്കാൻ കഴിയൂ. 100 കഴി നൂലിന് ഏകദേശം 1000 രൂപയോളമാണ് ലഭിക്കുന്നത്. നൂൽനൂപ് കേന്ദ്രങ്ങൾ കുറെയെങ്കിലും പിടിച്ചു നിൽക്കുമ്പോഴും നെയ്ത്ത് മേഖല ശുഷ്കിച്ചു വരികയാണ്. അധ്വാനത്തിന് ആനുപാതികമായി വേതനം ലഭിക്കാത്തതാണ് ഇതിന് കാരണം. കുറഞ്ഞ വേദനവും ഉള്ളത് കൃത്യമായി ലഭിക്കാത്തതിനാലും പലരും ഇന്ന് ഈ മേഖല ഉപേക്ഷിച്ചു പോവുകയാണ്. ഖാദി തൊഴിലാളികൾക്ക് ഉൽപാദന കൂലി ലഭിക്കുന്നുണ്ടെങ്കിലും 18 മാസമായി ഇൻസെന്റീവ് ലഭിച്ചിട്ടില്ല. അതുതന്നെ പരമാവധി 15,000 രൂപ വരെയൊക്കെയുള്ളൂ. ഓണക്കാലമാവുമ്പോഴേക്കെങ്കിലും ആ തുക ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് ഈ തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.