കൊല്ലങ്കോട്: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത ഇടപെടൽ ഇല്ലാത്തതിനെ തുടർന്ന് തെന്മലയിൽ കാട്ടാനശല്യം രൂക്ഷം. വാച്ചർമാരെ മറ്റു ജോലികൾക്ക് നിയോഗിക്കുന്നതും അമിതജോലി അടിച്ചേൽപ്പിക്കുന്നതും പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. ചപ്പക്കാട്, ചമ്മണാമ്പതി, മാത്തൂർ, മേച്ചിറ, വേലാങ്കാട്, കള്ളിയമ്പാറ, എലവഞ്ചേരി അടിവാരം, പൊക്കാമട തുടങ്ങിയ പ്രദേശങ്ങളിലാണ് പതിനെട്ടിലധികം കാട്ടാനകൾ കഴിഞ്ഞ ഒരു മാസമായി കൃഷിനാശം വരുത്തുന്നത്.
ദ്രുതകർമസേനയെ സർക്കാർ നിയോഗിച്ചിട്ടുണ്ടെങ്കിലും സംയുക്തമായി പ്രവർത്തിപ്പിക്കാൻ ചില ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നതാണ് ആനകളെ ഓടിക്കുന്നതിൽ പ്രയാസമുണ്ടാക്കിയത്. പരിചയസമ്പന്നരായ വാച്ചർമാരെ ഒരു ടീമായി ആനകളെ ഓടിക്കാൻ രംഗത്തിറക്കിയ സമയങ്ങളിൽ ഫലമുണ്ടായിരുന്നു.
എന്നാൽ, ചില ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടൽ കാരണം ആനശല്യമുള്ള പ്രദേശത്ത് പത്ത് വാച്ചർമാരെ അയക്കേണ്ടതിന് പകരം, മുന്നിൽ ഒരു ഭാഗം വാച്ചർമാരെ അയക്കുകയും മറ്റുള്ളവർക്ക് മറ്റു ജോലികൾ നൽകുന്നതായും കർഷകർ ആരോപിക്കുന്നു.
കൂടാതെ ജോലിഭാരത്തെ തുടർന്ന് ചില വച്ചർമാർ ഒരാഴ്ചയോളം അവധിയെടുത്തിരുന്നു. പുതിയ വനം വകുപ്പ് ഉദ്യോഗസ്ഥരിൽ ചിലരാണ് വാച്ചർമാരെ പ്രയാസപ്പെടുത്തുന്നത്.
അഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസറും സെക്ഷൻ ഫോറസ്റ്റ് ഓഫിസറും ഡ്രൈവറും ആറിലധികം വാച്ചർമാരും ഉൾപ്പെടുന്നതാണ് കൊല്ലങ്കോട് മേഖലയിലെ ദ്രുതകർമസേന. എന്നാൽ, ഇവരുടെ പ്രവർത്തനം കഴിഞ്ഞ ഒരു മാസമായി കാര്യക്ഷമമല്ല. അതിനാൽ കാട്ടനകളിറങ്ങി വ്യാപക കൃഷിനാശം വരുത്തുകയാണ്.
കാട്ടാനശല്യം ഉണ്ടായാൽ ഉടനടി എത്തുന്ന വാച്ചർമാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടൽ കാരണം നാലുതവണ വിളിച്ചാലും എത്താത്ത നിലവിൽ അവസ്ഥയുണ്ടെന്ന് കർഷകർ പറയുന്നു.
ഇരുപതിലധികം വാച്ചർമാർ ഉള്ള കൊല്ലങ്കോട് റേഞ്ച് മേഖലയിൽ 10 വാച്ചർമാരെ അധികം നൽകിയത് കാട്ടാന ശല്യം വർധിച്ചതിനെ തുടർന്നാണ്. എന്നാൽ ഇവരുടെ സഹായം ആനകളെ ഓടിക്കുന്നതിൽ ലഭിക്കുന്നില്ലെന്നും മറ്റു ജോലികളാണ് ഇവർക്ക് നൽകുന്നതെന്നും നാട്ടുകാർ പറയുന്നു.
കൂടാതെ നാലുമാസത്തോളം വേതനം വാച്ചർമാർക്ക് മുടങ്ങുകയും ചെയ്തു. ദ്രുകർമസേനക്ക് അനുവദിക്കേണ്ട ഡെപ്യൂട്ടി റേഞ്ച് ഉദ്യോഗസ്ഥനെ ഉടനെ നിയമിക്ക ണമെന്ന് തെന്മലയോര കർഷകർ ആവശ്യപ്പെട്ടു.
എന്നാൽ വനംവകുപ്പിലെ എല്ലാവരും ഒന്നിച്ചാണ് മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും ആരുമായും വിവേചനമില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.