കൊപ്പം പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ: പുറത്താക്കപ്പെട്ട ബി.ജെ.പി അംഗത്തിന്‍റെ നിലപാട് നിർണായകം

പട്ടാമ്പി: കൊപ്പം പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അവിശ്വാസപ്രമേയം വഴി യു.ഡി.എഫ് പുറത്താക്കിയ സി.പി.എമ്മിലെ ടി. ഉണ്ണികൃഷ്ണനും മുസ്ലിം ലീഗിലെ എം.സി. അബ്ദുല്‍ അസീസും മത്സരിക്കും. ഒമ്പതിന് രാവിലെ 11നാണ് തെരഞ്ഞെടുപ്പ്. ഇരു മുന്നണികൾക്കും എട്ടു വീതം അംഗങ്ങളുള്ള ഭരണസമിതിയിൽ ബി.ജെ.പി അച്ചടക്ക നടപടിക്കു വിധേയനായ എ.പി. അഭിലാഷിന്‍റെ വോട്ട് നിർണായകമാണ്. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബി.ജെ.പി അംഗം പിന്തുണച്ചാണ് വിജയിച്ചത്.

ഒന്നര വർഷം മുമ്പ് നറുക്കെടുപ്പിലൂടെയായിരുന്നു സി.പി.എമ്മിലെ ടി. ഉണ്ണികൃഷ്ണനും കോൺഗ്രസിലെ പുണ്യ പി. സതീഷും പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലെത്തിയത്. അന്ന് തെരഞ്ഞെടുപ്പിൽ വിട്ടുനിന്ന ബി.ജെ.പി അംഗം അവിശ്വാസപ്രമേയത്തിന്‍റെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കണമെന്നുള്ള ജില്ല നേതൃത്വത്തിന്‍റെ നിർദേശം ലംഘിച്ച് യു.ഡി.എഫിനൊപ്പം ചേർന്നതോടെയാണ് പ്രമേയം പാസായതും പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണൻ പുറത്തായതും.

ബി.ജെ.പി അംഗത്തെ പാർട്ടിയെ ധിക്കരിച്ചതിന് സസ്‌പെൻഡ് ചെയ്തെങ്കിലും അംഗത്വം റദ്ദാക്കാൻ നടപടിയൊന്നും സ്വീകരിച്ചില്ല. യു.ഡി.എഫിനെ സഹായിക്കാനുള്ള ധാരണയുടെ അടിസ്ഥാനത്തിലുള്ള ഒളിച്ചുകളിയാണ് ബി.ജെ.പിയുടേതെന്ന് സി.പി.എം ആരോപിക്കുന്നു. പുറത്തായ അംഗത്തിന് യു.ഡി.എഫിന് പിന്തുണ നൽകാനുള്ള സൗകര്യമൊരുക്കുകയാണ് ബി.ജെ.പിയെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണ വേണ്ടെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.പി. വാപ്പുട്ടിയും കണ്‍വീനര്‍ കെ.ആര്‍. നാരായണസ്വാമിയും അറിയിച്ചു. എന്നാൽ, എ.പി. അഭിലാഷിന്‍റെ പിന്തുണയില്ലാതെ യു.ഡി.എഫിന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയം നേടാനാവില്ല. അഭിലാഷ് പിന്തുണച്ചാൽ നിലവിൽ അദ്ദേഹം ബി.ജെ.പി അംഗമല്ലെന്ന വാദം ഉയർത്താൻ യു.ഡി.എഫിനാവും. യു.ഡി.എഫിൽ അഞ്ചംഗങ്ങളുള്ള മുസ്ലിം ലീഗിലെ എം.സി. അസീസിനെ മത്സരിപ്പിക്കാൻ യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചിട്ടുണ്ട്. യു.ഡി.എഫ് നേതാക്കളായ വി.എം. മുഹമ്മദലി, കമ്മുക്കുട്ടി എടത്തോള്‍, പി.കെ. ഉണ്ണികൃഷ്ണന്‍, ടി. കുഞ്ഞാപ്പ ഹാജി, ഇ.ടി. ഉമ്മര്‍, ഇ. മുസ്തഫ, എ.പി. രാമദാസ്, ടി.കെ. ഷുക്കൂര്‍, അനില്‍ പുലാശ്ശേരി, പുന്നറ സതീശന്‍, രവി സരോവരം, കെ.പി.എ. നാസര്‍, എം.ടി.എ. വഹാബ്, തിയ്യാട്ടില്‍ റിയാസ്, സി.പി. മുസ്തഫ, സി. മുസ്തഫ, എം.സി.എ. അസീസ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Tags:    
News Summary - Koppam panchayat president election tomorrow: The stand of the expelled BJP member is crucial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.