പാലക്കാട്: കോവിഡ് ഭീതി വീണ്ടും ശക്തമായതോടെ തിരക്കൊഴിഞ്ഞ് മലമ്പുഴ വിനോദസഞ്ചാര കേന്ദ്രം. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ മാസങ്ങളോളം അടഞ്ഞുകിടന്ന കേന്ദ്രം തുറന്നത് പരിസരത്തെ ചെറുകിട വ്യാപാരികളടക്കമുള്ളവർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ, മാർച്ചിൽ തമിഴ്നാട് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതോടെ കോയമ്പത്തൂരും സമീപ ജില്ലകളിൽനിന്നുമുള്ള സഞ്ചാരികളുടെ വരവ് പൂർണമായി നിലച്ചു.
ഒപ്പം മറ്റ് ജില്ലകളിൽനിന്നുള്ള സഞ്ചാരികളുടെ വരവും കുറഞ്ഞു. ഇതിനിടെ പരീക്ഷാക്കാലവും റമദാനും എത്തിയതോടെ മലമ്പുഴയിൽ ആളൊഴിഞ്ഞു. സാധാരണ മാർച്ചിൽ പരീക്ഷ കഴിയുന്നതോടെ ഏപ്രിൽ, മേയ് മാസങ്ങൾ മലമ്പുഴയിൽ സീസണാണ്. എന്നാൽ, ഇത്തവണ ഇത് മാറിമറിഞ്ഞു.
കോവിഡ് വ്യാപനനിരക്ക് വീണ്ടും ഉയരാൻ തുടങ്ങിയതോടെ മേയിൽ സഞ്ചാരികളെ കാത്തിരുന്നവർ വീണ്ടുമൊരു അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
ജനുവരിയില്‍ 88,433 മുതിര്‍ന്നവരും 18,409 കുട്ടികളുമടക്കം ആകെ 1,06,842 സന്ദര്‍ശകരാണ് മലമ്പുഴ ഉദ്യാനത്തിൽ എത്തിയത്. 28.8 ലക്ഷമായിരുന്നു വരുമാനം. എന്നാല്‍, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇത് ഗണ്യമായി കുറഞ്ഞു. ഫെബ്രുവരിയില്‍ ആകെ 75,862 പേരാണ് സന്ദര്‍ശിച്ചത്. ഇതില്‍ 63,245 മുതിര്‍ന്നവരും 12,617 കുട്ടികളുമുള്‍പ്പെടുന്നു. മാര്‍ച്ചില്‍ 53,129 മുതിര്‍ന്നവരും 10,444 കുട്ടികളും ഉള്‍പ്പെടെ 63,573 പേരെത്തി. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ യഥാക്രമം 20.48, 17.18 ലക്ഷമാണ് വരുമാനം. പ്രതീക്ഷയോടെ കാത്തിരുന്ന സീസണും കോവിഡ് കവർന്നതോടെ നിരാശയിലാണ് മലമ്പുഴ വിനോദസഞ്ചാരത്തെ ആശ്രയിച്ച് കഴിയുന്നവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.