പാലക്കാട്: സ്മാർട്ട് മീറ്റർ പദ്ധതി തുടരേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കെ, സർക്കാർ പിറകോട്ട് പോകുന്നത് എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനത്തിൽനിന്ന്. പദ്ധതി 2025 ഓടെ പൂർത്തീകരിക്കുമെന്നായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്. സ്മാർട്ട് മീറ്റർ ഉൾക്കൊള്ളുന്ന ആർ.ഡി.എസ്.എസ് പദ്ധതി വഴി രണ്ടുഘട്ടമായി സംസ്ഥാനത്തിന് ലഭിക്കുമായിരുന്ന ഏകദേശം 20,000 കോടി രൂപയുടെ പദ്ധതിയാണ് ഇതോടെ കെ.എസ്.ഇ.ബിക്ക് നഷ്ടമാകുന്നത്. ഇതിൽ 9000 കോടി തിരിച്ചടവ് വേണ്ടാത്ത ഗ്രാന്റാണ്. കെ.എസ്.ഇ.ബിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗ്രാന്റ് തുകയാണിത്.
ഈ തുക നഷ്ടമാകുമെന്ന് മാത്രമല്ല, ആർ.ഡി.എസ്.എസ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദിവാസി ഊരുകളിലെ വൈദ്യുതീകരണമുൾപ്പെടെ എല്ലാ പ്രവൃത്തികളും കെ.എസ്.ഇ.ബി സ്വന്തം നിലക്ക് കടമെടുത്ത് പൂർത്തിയാക്കേണ്ടിയും വരും. കടമെടുപ്പ് പരിധി ഊർജമേഖലയിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാൽ പദ്ധതി നടത്തിപ്പിലെ പരാജയം സംസ്ഥാന സർക്കാറിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുകയും കേരളത്തിന് ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങൾ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും.
സാധാരണ മീറ്ററുകളെപോലെ വൈദ്യുതി അളക്കുന്നതിനൊപ്പം വൈദ്യുതിയെ നിയന്ത്രിക്കാനുള്ള സംവിധാനം കൂടിയുള്ളതാണ് സ്മാർട്ട് മീറ്റർ. മീറ്ററിലേക്ക് പണം ചാർജ് ചെയ്ത് ഉപയോഗിക്കാനുമാകും. സ്മാർട്ട് മീറ്ററിൽ പ്രീ പെയ്ഡ് സൗകര്യമുള്ളതിനാൽ വൈദ്യുതി ഉപയോഗം ഉപഭോക്താക്കൾക്ക് നിരീക്ഷിക്കാനാകും. മൊബൈൽ ആപ്പുകളും ഇതിന് ഉപയോഗിക്കാം. ഓഫിസിൽ ഇരുന്നുതന്നെ വൈദ്യുതിബന്ധം വിച്ഛേദിക്കാനും പുനഃസ്ഥാപിക്കാനും എത്ര വൈദ്യുതി ഉപയോഗിച്ചെന്ന് കണക്കാക്കാനും ബോർഡ് അധികൃതർക്ക് സാധിക്കും. പ്രീ പെയ്ഡ് സ്മാർട്ട് മീറ്റർ വന്നാൽ പണം മുൻകൂറായി ലഭിക്കും. കാഷ് ഡെപ്പോസിറ്റ് പിരിക്കുന്ന 4000 മീറ്റർ റീഡർമാർ ഇല്ലാതാകുന്നത് കെ.എസ്.ഇ.ബിക്ക് സാമ്പത്തികലാഭമുണ്ടാക്കും. റവന്യൂവിൽ ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് വ്യത്യസ്ത നിരക്ക് (ടി.ഒ.ഡി) നിലവിൽവരും. നിരക്ക് കൂടുതലുള്ള സമയം ഉപഭോക്താവിന് വേണമെങ്കിൽ ഉപയോഗം കുറക്കാം.
എന്താണ് ടോട്ടക്സ്
സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ ആവശ്യമായ തുക പൂർണമായി ടെൻഡർ ലഭിക്കുന്ന കമ്പനിതന്നെ മുടക്കുകയും, നിശ്ചിത കാലയളവിലേക്ക് മീറ്ററും അനുബന്ധ സൗകര്യങ്ങളും സ്ഥാപിച്ച് കാലാവധി തീരുന്ന മുറക്ക് കെ.എസ്.ഇ.ബിക്ക് കൈമാറുകയും ചെയ്യുന്ന രീതിയാണ് ടോട്ടക്സ്. ഈ പദ്ധതി ഇത്തരം ഒരു മാതൃകയിൽ നടപ്പാക്കാൻ മാത്രമേ കേന്ദ്രസർക്കാർ അനുവദിക്കുന്നുള്ളൂ.
ടോട്ടക്സും സി-ഡാക്കും
ടോട്ടക്സ് മാതൃകയില്‍ മീറ്റര്‍ സ്ഥാപിച്ചാല്‍ റവന്യൂ മേഖല സ്വകാര്യവത്കരിപ്പെടുമെന്നതാണ് മുഖ്യആരോപണം. മീറ്റർ ഒന്നിന് 6500 രൂപക്ക് ടെൻഡർ നിരക്കായിരുന്നെങ്കിൽ കുറഞ്ഞ ടെൻഡർ വന്ന കമ്പനി വെച്ചത് മീറ്ററിന് 9000 രൂപയായിരുന്നു. 2500 രൂപയുടെ സബ്സിഡിയാണ് ലഭിക്കുകയെന്നിരിക്കെ ബാക്കി തുക ഉപഭോക്താക്കളിൽ വന്നുചേരുമെന്നാണ് ജീവനക്കാരുടെ സംഘടന പറയുന്നത്. സി-ഡാക്കിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് പൊതുമേഖലയില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കണമെന്ന ബദൽ നിർദേശമാണ് അവർ മുന്നോട്ട് വക്കുന്നത്. കേന്ദ്രസ്ഥാപനമായ സി-ഡാക് ഇത് നിർമിക്കുന്നതിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഈ സ്മാർട്ട് മീറ്ററിന് വില കുറവാണെന്നും അതാണ് കേരളത്തിൽ സ്ഥാപിക്കേണ്ടതെന്നുമാണ് സംഘടനകളുടെ വാദം.
പക്ഷേ സി-ഡാക്കിന്റെ ശേഷിക്ക് പ്രതികൂലമായും ആരോപണമുയർന്നിരുന്നു. തിരുവനന്തപുരം പേയാട് സെക്ഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ അഞ്ച് സ്മാർട്ട് മീറ്റർ സ്ഥാപിച്ചവയിൽ അഞ്ചും റീഡിങ് ചെയ്യുന്നില്ലെന്നായിരുന്നു യു.ഡി.എഫ് അനുകൂല യൂനിയനുകൾ ചൂണ്ടിക്കാട്ടിയത്. സി-ഡാക് പരീക്ഷണം നടത്തുന്ന പോസ്റ്റ് പെയ്ഡ് സാങ്കേതികവിദ്യ കാലഹരണപ്പെട്ടതുമാണ്. പ്രീപെയ്ഡ് സാങ്കേതികവിദ്യയാകട്ടെ സി- ഡാക് പരീക്ഷിച്ചുതുടങ്ങിയിട്ടില്ല. ടോട്ടക്സ് മാതൃക ഒഴിവാക്കി സ്മാർട്ട് മീറ്റർ നടപ്പാക്കുകയാണെങ്കിൽ ഏകദേശം 8200 കോടി രൂപ കെ.എസ്.ഇ.ബിക്ക് സ്വന്തം നിലക്ക് കണ്ടെത്തേണ്ടിവരും.
ആർ.ഡി.എസ്.എസ് പദ്ധതി
വൈദ്യുതി വിതരണരംഗത്തെ നഷ്ടം കുറക്കാൻ കേന്ദ്രസർക്കാർ വിഭാവനം ചെയ്ത് നടപ്പാക്കുന്ന പദ്ധതിയാണ് ആർ.ഡി.എസ്.എസ് (റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം) വൈദ്യുതി വിതരണനഷ്ടം കുറക്കൽ, പ്രീ പെയ്ഡ് സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ, 33 കെ.വി വരെയുള്ള പ്രസരണജോലികളുടെ നിർവഹണം, നഗരങ്ങളിൽ സ്കാഡ് സംവിധാനം സ്ഥാപിക്കൽ, ഇവക്കായി വേണ്ടിവരുന്ന ഐ.ടി സംവിധാനങ്ങൾ സ്ഥാപിക്കുക എന്നിവയുൾെപ്പടെയുള്ള സമഗ്ര പദ്ധതിയാണ് ആർ.ഡി.എസ്.എസ്. പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ 15 ശതമാനം ഗ്രാന്റും 2023 ഡിസംബറിന് മുമ്പ് പദ്ധതി പൂർത്തീകരിക്കുകയാണെങ്കിൽ 7.5 ശതമാനം അധിക ഗ്രാന്റും വിതരണനഷ്ടം കുറക്കാനുള്ള മറ്റ് പ്രവൃത്തികൾക്ക് 60 ശതമാനം ഗ്രാന്റും ഊർജ മന്ത്രാലയം നൽകും.
തുക തിരികെ കൊടുക്കണം
2023 ഡിസംബറിനുള്ളിൽ സ്മാർട്ട് മീറ്ററിന്റെ ഒന്നാം ഘട്ടം നടപ്പാക്കിയില്ലെങ്കിൽ ഒന്നാംഘട്ട തുക തിരികെ കൊടുക്കണമെന്നും പിന്നീടുള്ള ഘട്ടങ്ങൾക്ക് പണം അനുവദിക്കില്ലെന്നുമാണ് കേന്ദ്രസർക്കാർ മുന്നറിയിപ്പ്. കേരളത്തിന് ആദ്യഘട്ടത്തിൽ അനുവദിച്ച 10,475 കോടി രൂപയുടെ പദ്ധതിയിലെ 2269 കോടി രൂപയുടെ ഗ്രാന്റും വിതരണശൃംഖല പുനരുദ്ധാരണത്തിനുള്ള അടുത്തഘട്ട പദ്ധതിയിൽ വകയിരുത്താൻ സാധ്യതയുള്ള 13,126 കോടി രൂപയുടെ പദ്ധതിയിൽ ലഭിക്കേണ്ട 7876 കോടി രൂപയുടെ ഗ്രാന്റും നഷ്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.