കൊല്ലങ്കോട്: കുടുംബശ്രീ വനിതകൾ ഒരു വർഷത്തിനിടെ നിർമിച്ചത് 14 വീടുകൾ. കൊല്ലങ്കോട് പഞ്ചായത്തിലെ ഇടച്ചിറയിലുള്ള ‘ഭാഗ്യശ്രീ’കുടുംബശ്രീ അയൽക്കൂട്ടത്തിലെ ബി.ലളിത, ലക്ഷ്മിയമ്മ, ബി.ബിന്ദു, ധനലക്ഷ്മി ശെന്തിൽ, അംബിക രാമൻകുട്ടി എന്നിവരാണ് ഒരു വർഷത്തിനിടെ സർക്കാർ പദ്ധതിയിൽ അനുവദിച്ച 14 വീടുകൾ നിർമിച്ചു നൽകിയത്. അഞ്ചുപേർ നേതൃത്വം നൽകുന്ന ടീമിൽ മറ്റു വനിതകളും പങ്കെടുക്കാറുണ്ട്. വീടുകൾക്കു പുറമെ രണ്ട് പഠനമുറി, മൂന്ന് തൊഴുത്ത്, ശൗചാലയം എന്നിവയും നിർമിച്ചിട്ടുണ്ട്.
കുടുംബശ്രീയിലെ എൻജിനീയർമാർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെ സംഘം 45 ദിവസത്തിലധികം 30 വനിതകൾക്ക് പരിശീലനം നൽകുകയും തുടർന്ന് എൻജിനീയർമാരുടെ സഹായത്താൽ പയ്യലൂരിൽ ആദ്യത്തെ ഒരു വീട് നിർമിച്ച് പൂർത്തീകരിച്ച് നൽകുകയും ചെയ്തു. തുടർന്നാണ് പ്രവർത്തനങ്ങൾക്ക് തുടക്കമായതെന്ന് ഭാഗ്യശ്രീ അയൽക്കൂട്ടം സെക്രട്ടറി ബി.ലളിത പറഞ്ഞു.
പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയാണ് വനികളുടെ മുന്നേറ്റത്തിന് വഴിതെളിച്ചതെന്ന് ഐശ്വര്യം കൺസ്ട്രക്ഷൻ ഗ്രൂപ്പ് എന്ന പേരിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു. പരിശീലനം പൂർത്തീകരിച്ച 25 അംഗങ്ങൾ കൊല്ലങ്കോട് പഞ്ചായത്തിലും മറ്റുള്ളവർ മുതലമട, വടവന്നൂർ, പഞ്ചായത്തുകളിൽ നിന്നുള്ളവരുമാണ്.
ഈ ചുവട് വെപ്പ് ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിച്ചതോടെ പറമ്പിക്കുളത്ത് ചുങ്കം കോളനിയിൽ പൂർത്തീകരിക്കാത്ത 19 വീടുകൾ പൂർത്തീകരിച്ചു നൽകാൻ ഈ ഗ്രൂപ്പിനെയാണ് പട്ടികവർഗ വകുപ്പ് സമീപിച്ചത്. പകുതിയിൽ എത്തി നിൽക്കുന്ന പറമ്പിക്കുളത്തെ വീടുകൾ പൂർത്തീകരിച്ചു നൽകാൻ തയ്യാറെടുക്കുകയാണ് ഈ പെൺപട. 420 ചതുരശ്ര അടിയിൽ ആറ് ലക്ഷം രൂപക്ക് വയറിങ് ഉൾപ്പെടെ വീട് വെച്ചു നൽകാൻ തയ്യാറാണെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.