എലവഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ ഇക്ഷുമതിപുഴക്ക് കുറുകെയുള്ള കുമ്പളക്കോട് പാലം അപകട ഭീഷണിയിലായിട്ട് കാലങ്ങളായെങ്കിലും അധികൃതർ തിരിഞ്ഞുനോക്കാത്തതിനാൽ തകർച്ച കൂടുതലായി.കൈവരികൾ പിടിപ്പിച്ച ഭാഗവും പാലത്തിന്റെ പ്രധാന സ്ലാബിന്റെ വശങ്ങളും ദ്രവിച്ച് കോൺക്രീറ്റ് അടർന്ന് കമ്പികൾ തുരുമ്പിച്ച നിലയിൽ പുറത്ത് കാണാൻ തുടങ്ങി.
പാലത്തെ താങ്ങിനിർത്തുന്ന ഗർഡറുകളുടെയും കമ്പികൾ പുറത്ത് കാണുന്നുണ്ട്. പാലത്തിന്റെ പ്രധാന സ്ലാബിനെ താങ്ങി നിർത്തുന്ന കരിങ്കല്ലിൽ നിർമിച്ച രണ്ട് തൂണുകൾക്ക് മുകൾ ഭാഗത്തും പാലത്തിന്റെ സ്ലാബിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്. വലിയ വാഹനങ്ങൾ പോകുമ്പോൾ സ്ലാബിൽ കുലുക്കവും അനുഭവപ്പെട്ടുതുടങ്ങി. ബലക്ഷയത്തിന്റെ ഭാഗമായി പാലത്തിൽ ഉണ്ടായ കുഴികളും മറ്റും ഉപരിതലം പുതുക്കുമ്പോൾ നികത്തുന്നതിനാൽ പുറമേ നിന്ന് നോക്കുമ്പോൾ ശ്രദ്ധയിൽപ്പെടാറില്ല.
അടിയന്തരമായി പാലം പുതുക്കി പണിതില്ലെങ്കിൽ നെന്മാറ, കൊല്ലങ്കോട് ഭാഗങ്ങളിലേക്കും പൊള്ളാച്ചി, പഴനി, വടക്കഞ്ചേരി, തൃശ്ശൂർ ഭാഗങ്ങളിൽ നിന്നുമുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടും. കൊല്ലങ്കോട് ഊട്ടറ പാലത്തിനുണ്ടായ സ്ഥിതി നെന്മാറ കൊല്ലങ്കോട് റോഡിലും ഉണ്ടാവാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഹ്യൂമൻ റൈറ്റ്സ് ഫോറം അധികൃതർക്ക് നിവേദനം നൽകുകയും പാലത്തിൽ റീത്ത് വച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പലതവണ നെന്മാറ എം.എൽ.എ, ആലത്തൂർ എം.പി തുടങ്ങിയവരുടെ ശ്രദ്ധയിൽ പ്രദേശവാസികളും മറ്റും പാലത്തിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പാലം പുതുക്കിപ്പണിയാൻ നടപടിയായില്ല.
മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത ദേശീയപാതയാക്കി മാറ്റുന്നതിന്റെ ഭാഗമായി നാലുവരിപ്പാതയാക്കി പുതുക്കിപ്പണിയുമെന്ന വാഗ്ദാനങ്ങൾ പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നടപടികൾ ഒന്നുമായില്ല. രണ്ടുമാസം മുമ്പ് ചരക്ക് വാഹനം തട്ടി വീതി കുറഞ്ഞ പാലത്തിന്റെ കൈവരി ചരിഞ്ഞുനിന്നത് മുളകൾ കൊണ്ട് കെട്ടി താൽക്കാലിക സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ കുറച്ചു ദിവസം മുമ്പ് നേരത്തെ ചെരിഞ്ഞ കൈവരി പാലത്തിൽനിന്നും അടർന്ന് പുഴയിലേക്ക് തൂങ്ങിക്കിടക്കുകയാണ്. ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പൊതുമരാമത്ത് അധികൃതർ വല വലിച്ചു കെട്ടി തൽക്കാലം മറച്ചിരിക്കുകയാണ്.
വളവിനോട് ചേർന്ന് പാലത്തിന് സമീപം തെരുവുവിളക്കുകളോ മറ്റോ ഇല്ലാത്തതിനാൽ നിരവധി വാഹനങ്ങൾ പുഴയിലേക്ക് മറിഞ്ഞിട്ടുണ്ട്. മരണങ്ങൾ വരെ ഉണ്ടായിട്ടും അനക്കമില്ലാത്ത അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.