നെല്ലിയാമ്പതി: മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സഞ്ചാരികളെ വലയ്ക്കുന്നു. ടൂറിസം സീസൺ ആരംഭിച്ചത് മുതൽ സന്ദർശകരുടെ വൻ തിരക്കാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള സഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾക്കായുള്ള ശൗചാലയങ്ങളോ വിശ്രമമുറികളോ ഇവിടെയെങ്ങുമില്ല. നൂറടിയിൽ പഞ്ചായത്ത് അധീനതയിലുള്ള ശൗചാലയങ്ങളും വിശ്രമമുറികളും പ്രവർത്തനക്ഷമമല്ലാത്തതും സഞ്ചാരികളെ വലയ്ക്കുന്നു. സീസണിൽ സ്വകാര്യ റിസോർട്ടുകളിൽ പൊതുവേ മുറികൾ കിട്ടാൻ പ്രയാസമാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് മുറികൾ ലഭ്യമാവുക. ഗവ. ഓറഞ്ച് ഫാമിനോടനുബന്ധിച്ച് സഞ്ചാരികൾക്ക് വിശ്രമിക്കാനും മറ്റും മുറികൾ മുമ്പ് ലഭ്യമായിരുന്നു. എന്നാൽ അടുത്തിടെ അറ്റകുറ്റപ്പണികൾക്കായി ഇവ അടച്ചിട്ടിരിക്കുകയാണ്.
സഞ്ചാരികൾക്കായി ശൗചാലയങ്ങൾ നിർമിക്കാൻ പഞ്ചായത്തിന് പദ്ധതിയുണ്ടെങ്കിലും വനം വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പണപ്പിരിവ് നടത്തുന്നുണ്ടെങ്കിലും വനം അധികൃതരുടെ ഭാഗത്തുനിന്ന് സൗകര്യങ്ങളേർപ്പെടുത്താൻ നീക്കങ്ങളില്ല. സൗകര്യങ്ങളേർപ്പെടുത്താൻ തങ്ങൾക്ക് ചുമതലയില്ലെന്നാണ് വനം അധികൃതരുടെ പക്ഷം. അധികൃതർ പരസ്പരം പഴിചാരുന്നതോടെ പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ നട്ടംതിരിയുകയാണ് വിനോദസഞ്ചാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.