പാലക്കാട്: കേരളത്തിൽ ഭൂമി രജിസ്ട്രേഷൻ സ്വയം ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടും പദ്ധതി ഉപയോഗപ്പെടുത്തിയത് വിരലിലെണ്ണാവുന്നവർ മാത്രം. സാങ്കേതിക പരിജ്ഞാനം ഉണ്ടായിട്ടും പലരും പദ്ധതി പ്രയോജനപ്പെടുത്താൻ മുതിരുന്നില്ല. സാങ്കേതിക സഹായം രജിസ്ട്രേഷൻ ഓഫിസുകളിൽനിന്ന് ലഭിക്കുമെന്നു പറയുമ്പോഴും ഉദ്യോഗസ്ഥരുടെ സഹകരണക്കുറവാണ് പലരെയും പദ്ധതി പ്രയോജനപ്പെടുത്തുന്നതിൽ നിന്ന് പിന്നോട്ടടിക്കുന്നത്.
ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂർണമായി ഓൺലൈനാകുമ്പോഴാണ് ഈ പിറകോട്ടടി. ഓൺലൈൻ സംവിധാനം നിലവിൽ വന്നതോടെ ആധാരം ചെയ്യുന്നതോടൊപ്പം തന്നെ പോക്കുവരവ് നടപടികളും സർക്കാർ ഉദാരമാക്കിയിട്ടുണ്ട്.
രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ ആധാരത്തിന്റെ കോപ്പി ഓൺലൈനായി താലൂക്ക് ഓഫിസിലേക്കും പോകുന്നതിനാൽ പോക്കുവരവ് എന്ന് ദുർഘടം പിടിച്ച പരിപാടി അവസാനിക്കും. മാത്രമല്ല ഭൂമി പോക്കുവരവിനായി വില്ലേജിൽ കയറിയിറങ്ങേണ്ട ആവശ്യവുമില്ല.
ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടും ഇതുവരെ കേരളത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്നത് പുതിയ സംവിധാനത്തെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും പഴയ രീതിയാണ് ശരി എന്ന മിഥ്യാ ധാരണയുമാണ്. ആധാരം പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതേണ്ട ആവശ്യമില്ല.
കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ് ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം. പൂരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാലും മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല.
സ്വയം രജിസ്ട്രേഷൻ നടത്തിയാൽ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ ഫീസായി നൽകേണ്ട വരില്ല എന്നതും നേട്ടമാണ്.
ഒരു ഫോം പൂരിപ്പിക്കാൻ നൽകേണ്ട കൂലിയേ നൽകേണ്ടതുള്ളൂ. പക്ഷേ ഉദ്യോഗസ്ഥ നിസ്സഹകരണവും പലകാരണങ്ങൾ പറഞ്ഞ് അപേക്ഷ മടക്കലും ബാധ്യതയാകുമോ എന്ന ഭയമാണ് ആളുകളെ ഈ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.