മുണ്ടുർ: നാട്ടുകൽ-താണാവ് ദേശീയ പാതയിലെ പൊരിയാനിയിൽ ടോൾ ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. നിലവിലെ ടോൾ ബൂത്ത് ക്രമീകരണം അശാസ്ത്രീയമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ദേശീയപാതയിൽ പന്നിയംപാടത്ത് ഐ.ആർ.ടി.സി കാമ്പസിനടുത്ത് പാലക്കാട് റോഡിലും പൊരിയാനിയിൽ സ്വകാര്യ സ്ഥാപനത്തിനു സമീപവുമാണ് രണ്ട് ടോൾ ബൂത്തുകൾ നിർമിക്കാൻ പ്രാരംഭ പ്രവൃത്തി ആരംഭിച്ചത്.
പൊരിയാനിയിൽ ഉള്ള ഉൾനാടു റോഡുകളോട് ചേർന്ന് ധാരാളം ജനം താമസിച്ചു വരുന്ന പ്രദേശമാണിത്. ഇവർക്ക് നിത്യേന മുട്ടിക്കുളങ്ങരയെയോ മുണ്ടൂരിനെയോ ആശ്രയിക്കേണ്ടതുണ്ട്. പൊരിയാനിയിൽ നിന്നും മുട്ടിക്കുളങ്ങര വരെ പോകുന്ന വാഹനങ്ങൾക്ക് രണ്ടിടത്താണ് ടോൾ കൊടുക്കേണ്ടി വരികയെന്ന് നാട്ടുകാർ പറയുന്നു.
താണവ് നിന്നും നാട്ടുകൽ വരെയുള്ള 46 കിലോമീറ്റർ റോഡിൽ പൊരിയാനിയുടെ രണ്ടു കിലോമീറ്റർ അപ്പുറത്ത് മുണ്ടൂർ ജങ്ഷനിലാണ് മണ്ണാർക്കാട് റോഡ് ചെർപ്പുളശ്ശേരി റോഡുമായി ഇഴ പിരിയുന്നത്. ഈ ഭാഗത്തുനിന്ന് വരുന്നവർ ടോൾ കൊടുക്കാൻ നിർബന്ധിതരാവും. കോങ്ങാട്, പത്തിരിപ്പാല, കോട്ടായി, മുണ്ടൂർ എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്ക് ടോൾ കൊടുക്കേണ്ടി വരാത്ത ക്രമീകരണമാണെന്നും ആക്ഷേപമുണ്ട്.
അതേസമയം, പൊരിയാനിയിൽ നിന്ന് ചെർപ്പുളശ്ശേരി ഭാഗത്തേക്ക് പോവുകയാണെങ്കിലും ടോൾ കൊടുക്കേണ്ടി വരുന്നുവെന്നത് അശാസ്ത്രീയതയായി ചൂണ്ടിക്കാണിക്കുന്നു. ഇവിടെ നിന്ന് മണ്ണാർക്കാട്ട് പോകുന്ന വാഹനങ്ങൾക്ക് ടോൾ കൊടുക്കേണ്ടതില്ല.
രണ്ട് കിലോമീറ്റർ റോഡ് ഉപയോഗിക്കുന്നവർക്ക് ടോൾ കൊടുക്കേണ്ടി വരുകയും 27 കിലോമീറ്റർ റോഡ് ഉപയോഗിക്കുന്നവർക്ക് സൗജന്യമായി യാത്ര ചെയ്യാനാവുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. ടോൾ ബൂത്ത് മാറ്റി സ്ഥാപിക്കാത്ത പക്ഷം ജനകീയ സമിതി രൂപവത്കരിച്ച് സമരം നടത്തുമെന്ന് നാട്ടുകാരുടെ പ്രതിനിധി കെ.സി. സുരേഷ് പറഞ്ഞു.അതേസമയം, ദേശീയപാത നവീകരണത്തിന്റെ പദ്ധതി രൂപരേഖ പ്രകാരമാണ് ടോൾ ബൂത്തിന് സൗകര്യമൊരുക്കുന്നതെന്നാണ് നിർമാണ ചുമതലയുള്ള കരാറുകാർ പറയുന്നു.
വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയില്‍ 2023 ജനുവരി ഒന്നുമുതല്‍ പ്രദേശവാസികളും ടോള്‍ നല്‍കണം. നിലവില്‍ ടോള്‍ കമ്പനി അധികൃതര്‍ അനുവദിച്ച സൗജന്യ യാത്രാ കാലാവധി ഈ മാസം 31ന് തീരും. ഇതിനു മുമ്പായി പ്രദേശവാസികള്‍ ടോള്‍ പാസ് എടുക്കണമെന്നും കമ്പനി അറിയിച്ചു. നിലവില്‍ തിരിച്ചറിയല്‍ രേഖ കാണിച്ചായിരുന്നു പ്രദേശവാസികള്‍ യാത്ര ചെയ്തിരുന്നത്.
വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്ത് പ്രദേശത്തുള്ളവര്‍ക്കാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. പ്രദേശവാസികളില്‍ നിന്ന് മുമ്പ് ടോള്‍ പിരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നിർത്തിയിരുന്നു. ടോള്‍ കേന്ദ്രത്തിന്റെ 20 കിലോ മീറ്റര്‍ പരിധിയുള്ളവര്‍ക്ക് പാസ് ലഭിക്കും. പ്രതിമാസം 315 രൂപയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് പാസുള്ളത്. മറ്റുള്ള ടാക്സി വാഹനങ്ങള്‍ സാധാരണ ടോള്‍ നല്‍കി സര്‍വീസ് നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.