പുതുനഗരം: കാണാതായ എട്ടു വയസ്സുകാരന് വേണ്ടി നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിൽ വിഫലമായി. കിണറ്റിലകപ്പെട്ട ബാലനായി ഒന്നര മണിക്കൂർ നാട് കൈകോർത്ത് ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല. ഐശ്വര്യ നഗറിൽ ഐസാം യൂസുഫ് മിർസയെ (എട്ട്) സ്കൂൾ വിട്ട ശേഷം കാണാതായതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് കിണറിനു മുകളിൽ കോൺക്രീറ്റ് ചെയ്ത അടപ്പിലെ ഒരടിയോളം നീളവും വീതിയുമുള്ള ദ്വാരത്തിനടുത്ത് സ്നാക്സ് കഴിക്കുന്ന പാത്രം കണ്ടെത്തിയത്.
തുടർന്ന് പാലക്കാട്ടു നിന്നും ചിറ്റൂരിൽ നിന്നും അഗ്നിരക്ഷാസേനയെത്തി കോൺക്രീറ്റ് സ്ലാബിന് മുകളിൽ രണ്ടടിയിൽ അധികം ഉയരത്തിൽ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്തു. യന്ത്രം ഉപയോഗിച്ച് സ്ലാബ് മറിച്ചെടുത്താണ് ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ കിണറിനകത്ത് ഇറങ്ങിയത്. 30 അടിയോളം താഴ്ചയുള്ള കിണറിൽ പകുതിയിലധികം വെള്ളം ഉണ്ടായിരുന്നതായി ചിറ്റൂർ അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ചിറ്റൂർ അഗ്നിരക്ഷാസേനയിലെ ഓഫിസർ രമേശ് കുമാറിന്റെയും പാലക്കാട് അഗ്നിരക്ഷാസേനയിലെ പി.വി. പ്രസാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. ചിറ്റൂർ ഡിവൈ.എസ്.പി കൃഷ്ണ ദാസ്, പുതുനഗരം സി.ഐ എസ്. രജീഷ്, എസ്.ഐമാരായ ശ്രീധരൻ, ശിവദാസ്, വിജയകുമാർ എന്നിവരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ആർ. രജീഷ്, എം. വിനോദ്, ആർ. സതീഷ്, ആർ. സഞ്ജിത്, വി.ആർ. രാജേഷ്, എം. മനോജ്, എം. ശ്രീജൻ, ആർ. സുജിഷ്, അനിൽകുമാർ, എം. സന്തോഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.