പാലക്കാട്: രാവിലെ 7.30. അട്ടപ്പാടി ചുരത്തിന് താഴെ ആനമൂളിയിൽ പ്രഭാതഭക്ഷണം കഴിഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ പര്യടനം ആരംഭിക്കുകയാണ്. അട്ടപ്പാടിയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം സന്ദർശിക്കണം. യാത്ര ദീർഘമാണ്. പ്രഭാത ഭക്ഷണത്തിനിടെ നിർത്താതെ ഫോൺ ശബ്ദിച്ചു. തെരഞ്ഞെടുപ്പല്ലേ, തിരക്കാണ്, സ്ഥാനാർഥിയുടെ കണ്ണുകളിൽ ഊർജം സ്ഫുരിച്ചു. വണ്ടി അട്ടപ്പാടി ചുരം കയറി മുകളിലേക്ക്. ആദ്യമെത്തിയത് ചിണ്ടക്കിയിൽ. ഗോത്രവർഗക്കാരടക്കം നാട്ടുകാരുമായി ചുരുങ്ങിയ സംഭാഷണം. കൈപ്പത്തിക്ക് വോട്ടുചെയ്യേണ്ടതെന്തുകൊണ്ടെന്ന് ചുരുങ്ങിയ വാക്കുകൾ. വേഗത്തിൽ വാഹനത്തിലേക്ക്. അട്ടപ്പാടിയുടെ വിദൂര മേഖലകളിലെത്തേണ്ടതുണ്ട്.
ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന, അത്രമേൽ പ്രാധാന്യമുള്ളതും ഗൗരവകരമാണെന്ന് ഓരോ വേദിയിലും ഓർമിപ്പിച്ചാണ് യാത്ര. മോദി സർക്കാർ മാറേണ്ടതിന്റെ ആവശ്യകതയും കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയവും കുറഞ്ഞ വാക്കുകളിൽ ചർച്ചയാക്കിയാണ് പ്രചാരണം. ഇതിനെല്ലാമൊപ്പം എം.പി എന്ന നിലയിൽ നടത്തിയ ഇടപെടലുകളും പ്രാദേശികമായി നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും ചർച്ചയാവുന്നു. ചൂടുകാലമാണ്, വെള്ളം കുടിക്കണമെന്ന് സ്നേഹത്തോടെ ഒപ്പമുള്ള പ്രവർത്തകർക്ക് നിർദേശവും നൽകാൻ മറന്നില്ല. ഈ പെരും ചൂടിലും സ്നേഹത്തിന്റെ തണുപ്പുമായി ഒപ്പം നടക്കുന്നവരെ കരുതണമല്ലോ എന്ന് കമന്റ്.
ചിണ്ടക്കി, കള്ളമല, ഒമ്മല, ജെല്ലിപ്പാറ, മുണ്ടംപാറ, കാരറ, കാവുണ്ടിക്കൽ, നരസിമുക്ക്, ഭൂതിവഴി, അഗളി എന്നിവിടങ്ങളിലായിരുന്നു തിങ്കളാഴ്ച പര്യടനം. പോകുന്ന വഴിയിൽ മിക്കയിടങ്ങളിലും വോട്ടഭ്യർഥിച്ചുള്ള വലിയ ഫ്ലക്സുകളും ബാനറുകളും. ഇക്കുറി ഫണ്ട് അൽപം കുറവാണ്. പ്രവർത്തകർ പിരിച്ചും സ്വയം സന്നദ്ധരായും മണ്ഡലത്തിൽ ആയിരക്കണക്കിന് പോസ്റ്ററുകളും ഫ്ലക്സുകളുമാണ് സ്ഥാപിച്ചതെന്ന് സ്ഥാനാർഥി. ഊരുകളിൽ പലയിടത്തും അട്ടപ്പാടിയുടെ തനത് വാദ്യഘോഷത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. ആരോഗ്യ മേഖലക്ക് പുറമെ കുട്ടികൾക്ക് പഠിക്കാൻ ഇന്റർനെറ്റ് സൗകര്യം ഉൾപ്പെടെ അട്ടപ്പാടിയിൽ നടത്തിയ ഇടപെടലുകൾ പ്രധാന ജങ്ഷനുകളിൽ സൂചിപ്പിച്ചും വോട്ടഭ്യർഥിച്ചും മുന്നോട്ട്. ചൂട് അട്ടപ്പാടിയിലും കുറവില്ല. നട്ടുച്ച വെയിലിൽ ആവേശം ചോരാതെ പ്രവർത്തകർ ‘കട്ടക്ക്’ നിന്നതോടെ സ്ഥാനാർഥിയും ഉഷാർ. വോട്ടുതേടി യാത്രകൾക്കിടയിൽ ആളുകളുമായി സംവദിച്ചും പരാതികൾ കേട്ടും സമയം പോയതറിഞ്ഞില്ല. സമയം രണ്ടുകഴിഞ്ഞിരിക്കുന്നു.
അഗളി ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ ഉച്ചഭക്ഷണം കഴിയുമ്പോഴേക്കും മൂന്നോടടുത്തു. തെങ്കരയിൽ 2.30ന് പ്രചാരണപരിപാടികൾ ആരംഭിക്കേണ്ടതായിരുന്നു. 30 കിലോമീറ്ററിലേറെ പിന്നിടണം. യാത്രക്കിടയിൽ കൂക്കംപാളയത്ത് സന്യസ്തരുമായി അൽപനേരം. തെങ്കരയിലെത്തുമ്പോഴേക്കും സമയം നാല് പിന്നിട്ടു. തെങ്കര പഞ്ചായത്തിലെ കനാൽ പാലത്തിൽ ആരംഭിച്ച പര്യടനം 26 കേന്ദ്രങ്ങളിലൂടെ തുടർന്നു. തുറന്ന ജീപ്പിൽ മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ദീൻ ഉൾപ്പെടെ യു.ഡി.എഫ് നേതാക്കളും ഒപ്പം ചേർന്നു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം പള്ളിപ്പടിയിൽ സമാപിക്കുമ്പോൾ രാത്രി പത്തോടടുത്തു. അടുത്തദിവസം പട്ടാമ്പി കൊപ്പത്തുനിന്നാണ് പര്യടനം. ഒപ്പമുള്ള പ്രവർത്ത സംഘത്തോട് രാവിലെ സജ്ജരാകാൻ നിർദേശം നൽകി പാലക്കാട്ടേക്ക്. നാളത്തെ തിരക്കുകൾക്ക് മുമ്പ് അൽപം വിശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.