തൃശൂർ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞതിന്റെ ഞെട്ടലിലാണ് ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ മുന്നണികൾ. 2019ൽ 80.42 ശതമാനം പോളിങ് നടന്ന മണ്ഡലത്തിൽ ഇക്കുറി 73.20 ശതമാനം വോട്ടിങ് ആണ് നടന്നത്. ഇത് എൽ.ഡി.എഫ്, യു.ഡി.എഫ് കേന്ദ്രങ്ങളെ ആശങ്കയിലാക്കി. കഴിഞ്ഞതവണ ലഭിച്ച വോട്ടുവിഹിതമായ 8.81 ശതമാനം എന്ന കണക്ക് ഉയർത്തുക എന്നതാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്. അതിനാൽ പോളിങ് കുറഞ്ഞതിൽ ബി.ജെ.പി കേന്ദ്രങ്ങളിൽ വലിയ ആശങ്കയൊന്നുമില്ല. 2009ൽ 75.28 ശതമാനമായിരുന്നു ആലത്തൂരിലെ വോട്ടിങ്. 2014ൽ ഇത് 76.24 ആയി ഉയർന്നു. 2019ലെ വാശിയേറിയ പോരാട്ടത്തിൽ വോട്ടിങ് ശതമാനം ഗണ്യമായി ഉയർന്ന് 80.42 ആയി. ഇതാണ് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും 73.20 ആയത്.
വോട്ടിങ് ശതമാനം കുറഞ്ഞത് ആരെ തുണക്കും എന്ന വിഷയത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ അവകാശവാദവും തുടങ്ങിയിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും 2019നെ അപേക്ഷിച്ച് വോട്ടിങ് ശതമാനം കാര്യമായി കുറഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കേരളത്തിലും വോട്ടെടുപ്പ് കുറഞ്ഞതെന്നാണ് വിലയിരുത്തൽ. വോട്ടെടുപ്പ് കുറയാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണമായിട്ടുണ്ടെന്ന് പാർട്ടികൾ കുറ്റപ്പെടുത്തുന്നു. ആലത്തൂർ ലോക്സഭ മണ്ഡലത്തിൽ 5,04,204 സ്ത്രീകളും 4,74,923 പുരുഷന്മാരും അഞ്ച് ട്രാൻസ്ജൻഡർ വ്യക്തികളും ഉൾപ്പെടെ ആകെ 9,79,732 പേർ വോട്ട് രേഖപ്പെടുത്തി. ആലത്തൂര് നിയോജക മണ്ഡലത്തിലാണ് എറ്റവും കൂടുതൽ പോളിങ് നടന്നത് - 74.92 ശതമാനം.
എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ സ്വന്തം മണ്ഡലമായ ചേലക്കരയിലാണ് ഏറ്റവും കുറഞ്ഞ പോളിങ് -72.01 ശതമാനം. ഇത് ഇടതുകേന്ദ്രങ്ങളെ ആശങ്കയിലാക്കി. ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളിൽ വോട്ടുവിഹിതം ഉയർത്തി വിജയം ഉറപ്പാക്കാം എന്നായിരുന്നു എൽ.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ, ഈ മണ്ഡലങ്ങളിൽ കാര്യമായ വോട്ടെടുപ്പ് നടന്നില്ല. കുന്നംകുളം -72.25 ശതമാനം, വടക്കാഞ്ചേരി -72.05. മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം എൽ.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സി.കെ. രാജേന്ദ്രൻ പറയുന്നു. തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും യു.ഡി.എഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നും യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പറഞ്ഞു. പെൻഷൻ മുടങ്ങിയ പരാതി ഏറ്റവും കൂടുതൽ ഉയർന്നുകേട്ട മണ്ഡലമാണ് ആലത്തൂരെന്നും രമ്യ പറയുന്നു.
വോട്ടുവിഹിതം കാര്യമായി ഉയർത്താനാകും എന്നുമാത്രമാണ് ബി.ജെ.പി കേന്ദ്രങ്ങൾ പ്രതീക്ഷ പങ്കുവെക്കുന്നത്. ആലത്തൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി മന്ത്രി കെ. രാധാകൃഷ്ണൻ തോന്നൂർക്കര എ.യു.പി സ്കൂളിലും യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ആലത്തൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും എൻ.ഡി.എ സ്ഥാനാർഥി ടി.എൻ. സരസു കയ്പമംഗലം മണ്ഡലത്തിലെ വെമ്പല്ലൂർ എസ്.എൻ.കെ യു.പി സ്കൂളിലും ആയാണ് വോട്ട് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.