പാലക്കാട്: നഗരതട്ടകത്തിൽ മണപ്പുള്ളിക്കാവ് വേല പെയ്തിറങ്ങി. ആഘോഷലഹരിയിൽ പൂരപ്രേമികൾ ആനന്ദ സാഗരത്തിൽ ആറാടി. കോവിഡ് നിയന്ത്രണത്തിൽ കഴിഞ്ഞവർഷം ചടങ്ങിൽ മാത്രം ഒതുങ്ങിയ വേലക്ക് ഇക്കുറി ഇളവുകളോടെ അനുമതിയായതിന്‍റെ ആവേശം ഉച്ചവെയിലത്തും വാനോളം ഉയരുന്ന കാഴ്ചക്ക് നഗരം സാക്ഷി. വരുംവർഷത്തേക്ക് നഗരത്തിന് ഓർമയിൽ സൂക്ഷിക്കാൻ നിറപകിട്ടാർന്ന മറ്റൊരു വേല കൂടി. വെയിലാറിയതോടെ ഉത്സവമേളം നടക്കുന്ന കോട്ടമൈതാനത്തേക്ക് ജനസാഗരം ഒഴുകിയെത്തി.
വ്യാഴാഴ്ച പുലർച്ച നാലിന് ഈടുവെടിയുടെ അകമ്പടിയിൽ നടതുറന്നതോടെ ആഘോഷങ്ങൾ തുടങ്ങി. ഉഷപൂജയും നാഗസ്വര കച്ചേരിയും കഴിഞ്ഞ് രാവിലെ പത്തിന് ചൊവ്വല്ലൂർ മോഹനന്‍റെ നേതൃത്വത്തിൽ നടന്ന പഞ്ചാരി മേളവും കാഴ്ചശീവേലിയും തടിച്ചുകൂടിയ ഭക്തരെ ആനന്ദത്തിലാറാടിച്ചു. ഉച്ചക്ക് 12ന് പൂർണ ചന്താഭിഷേകം, ഒന്നിന് ഉച്ചപൂജയും കഴിഞ്ഞ് രണ്ടിന് പഞ്ചമദ്ദളകേളി, കുഴൽപ്പറ്റ്, കൊമ്പ്പറ്റ് എന്നിവ നടന്നു. 3.30ഓടെ നാദസ്വരം, നടപ്പാണ്ടിമേളം എന്നിവയുടെ അകമ്പടിയോടെ കോട്ടമൈതാനത്തേക്കുള്ള എഴുന്നള്ളത്ത് തുടങ്ങി. അഞ്ചോടെ കോട്ടമൈതാനത്ത് കോങ്ങാട് മധുവിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച പഞ്ചവാദ്യം കാണികളെ ആസ്വാദനപരതയുടെ കൊടുമുടിയിലെത്തിച്ചു.
കോട്ടമൈതാനത്തുനിന്ന് ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് രാത്രി ഒമ്പതോടെ കാവ് കയറിയതോടെ പഞ്ചവാദ്യം സമാപിച്ചു. തുടർന്ന് 11.30 വരെ ക്ഷേത്രാങ്കണത്തിൽ പാണ്ടിമേളവും അതിനുശേഷം പുലർച്ച ഒന്നുവരെ ക്ഷേത്രത്തിനകത്ത് തായമ്പകയും നടന്നു. വെള്ളിയാഴ്ച പുലർച്ച പാണ്ടിമേളവും പഞ്ചവാദ്യവും അകമ്പടിയായി ആഘോഷത്തിന് കൊടിയിറങ്ങി.
തുടർന്ന‌് വാളും പീഠവും ശ്രീമൂലസ്ഥാനത്തേക്ക‌് തിരിച്ചെഴുന്നള്ളിയതോടെ ഉത്സവത്തിന് സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.