വടക്കഞ്ചേരി: മംഗലം ഡാമിൽ നിന്നുള്ള മണ്ണുലോറികളുടെ നിലക്കാത്ത ഓട്ടത്തിൽ ടൗണും പരിസരവും പൊടിയിൽ മുങ്ങുന്നു. ഇടവിട്ട് നിരവധി തവണ റോഡിൽ വെള്ളം നനക്കുന്നുണ്ടെങ്കിലും പ്രയോജനമില്ലെന്ന് വ്യാപാരികളും വീട്ടുകാരും പറയുന്നു. കടകൾക്കുള്ളിലെല്ലാം പൊടി കയറി സാധനങ്ങൾക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നതായി പറയുന്നു.
കാൽനടയാത്രക്കാരും പൊടിയിൽ മുങ്ങുന്ന സ്ഥിതിയാണ്. റോഡിൽ നനക്കാൻ എടുക്കുന്ന വെള്ളം ഡാമിലെ തന്നെ കലക്കുവെള്ളമായതിനാൽ വെള്ളം ഉണങ്ങുമ്പോൾ പിന്നേയും പൊടി കൂടുതലാകും. നൂറോളം വലിയ ടോറസുകളാണ് ദിവസവും മണ്ണ് കയറ്റി പോകുന്നത്.
ഡാമിൽ നിന്നു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നിറക്കുമ്പോൾ അമർത്തി നിറക്കുന്നുണ്ടെങ്കിലും റോഡിലെ കുഴികളിൽ ചാടുമ്പോൾ മണ്ണ് റോഡിൽ വീഴുകയാണ്. പൊൻകണ്ടം റോഡിൽ പാണ്ടിക്കടവ് ഭാഗത്ത് ടാർ റോഡ് കാണാത്ത വിധം മൺറോഡ് പോലെയായി. വീതി കുറഞ്ഞ റോഡുകളിലൂടെ ടോറസുകൾ അമിത വേഗതയിൽ പോകുന്നത് അപകട സാധ്യതയുണ്ടാക്കുന്നതായും പരാതിയുണ്ട്.
പൊടിശല്യം ഒഴിവാക്കാനും ലോറികൾ വേഗത കുറച്ച് പോകുന്നതിനും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.