കൊല്ലങ്കോട്: കാലാവസ്ഥ വ്യതിയാനവും കീടശല്യവും തീർത്ത വെല്ലുവിളികൾക്കിടെ വിളവെടുപ്പ് ആരംഭിച്ച് മാവിൻതോട്ടങ്ങൾ. താരതമ്യേന വിളവ് കുറവായതുകൊണ്ടുതന്നെ ഇക്കുറി ആവശ്യക്കാരേറെയാണെന്ന് കർഷകർ പറയുന്നു. മുതലമട പഞ്ചായത്തിലെ നൂറിലധികം ചെറുതും വലുതുമായ സംഭരണ കേന്ദ്രങ്ങളിലെത്തിക്കുന്ന മാങ്ങ പ്രത്യേക പെട്ടികളിലാക്കിയാണ് വിൽപന. ബങ്കനപ്പിള്ളി, നീലം, സിന്ദൂരം, കിളിച്ചുണ്ടൻ, ടോട്ടപേരി, അൽഫോസ, പ്രിയൂർ, മല്ലിക, കലാപ്പാടി, രത്ന തുടങ്ങിയ ഇനങ്ങളാണ് നിലവിൽ വിളവെടുക്കുന്നത്.
ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ഒരാഴ്ചയായി മാങ്ങ കൊണ്ടുപോകുന്നുണ്ടെന്നും വിളവ് കുറഞ്ഞതിനാൽ ഇക്കുറി ആവശ്യത്തിന് അനുസരിച്ച് എത്തിക്കാനാവാത്ത സ്ഥിതിയാണെന്നും മാംഗോ ഫാർമേഴ്സ് ആൻഡ് ഗോവേഴ്സ് അസോസിയേഷൻ സെക്രട്ടറി താജുദ്ദീൻ പറഞ്ഞു. മുതലമട പഞ്ചായത്തിലും സമീപത്തെ പഞ്ചായത്തുകളിലുമുള്ള തോട്ടങ്ങളിലാണ് നിലവിൽ വിളവെടുപ്പ് നടക്കുന്നത്.
കീടബാധ മൂലം ഇത്തവണ 35 ദിവസം വൈകിയാണ് വിളവെടുപ്പ് ആരംഭിച്ചതെന്ന് കർഷകർ പറഞ്ഞു. 6000 ഹെക്ടർ മാവിൻ തോട്ടമുള്ള മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി പഞ്ചായത്തുകളിൽ 600ലധികം ചെറുകിട കർഷകരും ആയിരത്തോളം പാട്ട കർഷകരുമാണ് മാവ് കൃഷി ചെയ്തുവരുന്നത്. ഒരു തോട്ടത്തിൽ പരമാവധി ഒന്നര മാസം അഞ്ചിലധികം തവണകളിലായി വിളവെടുപ്പ് നടക്കുമെന്ന് മാവ് കർഷകനായ സി.വൈ. ഷൈഖ് മുസ്തഫ പറഞ്ഞു. ഉത്തരേന്ത്യൻ മാർക്കറ്റുകളിലേക്കുള്ള മാങ്ങ കയറ്റുമതി ആരംഭിച്ചതിനാൽ ഉത്തരേന്ത്യൻ വ്യാപാരികളും മുതലമടയിലെത്തിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.