മങ്കര: ദ്രവിച്ച്പൊളിഞ്ഞുവിഴാറായ മൂന്നംഗ കുടുംബത്തിന്റെ വീട് സി.പി.ഐ പ്രവർത്തകരുടെ ശ്രമദാനത്തിൽ നവീകരിച്ചു നൽകി. മാങ്കുറുശി കല്ലൂർ കൊയിലത്തുംപടി കലാധരൻ -സുമതി ദമ്പതികളുടെ വീടാണ് മങ്കര ലോക്കൽ കമ്മിറ്റി നന്നാക്കി നൽകിയത്. 30 വർഷം പഴക്കമുള്ള മൺചുമരുള്ള ഓടിട്ട വീടാണിത്. ചിതൽകയറി മേൽക്കൂര പൂർണമായും നശിച്ചിരുന്നു. കലാധരൻ, സുമതി, പ്ലസ് ടു വിദ്യാർഥി വിസ്മയ എന്നിവരടങ്ങുന്ന മൂന്നംഗ കുടുംബം ഭീതിയോടെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. വീട്ടമ്മ സുമതി നിത്യരോഗിയാണ്. കലാധരൻ കൂലിത്തൊഴിലാളിയാണ്. ഇവരുടെ ദുരിതാവസ്ഥ ശ്രദ്ധയിൽപെട്ടതോടെയാണ് ഏകദേശം അര ലക്ഷത്തിലേറെ രൂപ ചെലവിൽ വീട് നവീകരിച്ചു നൽകിയത്. ഇവർ വീടിന് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ലൈഫ് ഭവന പദ്ധതിയിൽ പേരുണ്ടെന്നും മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തി ഇവർക്ക് വീട് ലഭ്യമാക്കുമെന്നാണ് വാർഡംഗം നദീറ നൽകിയ വിവരം. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ജയപ്രകാശ്, എം.എസ്. വേലായുധൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എം ഫാത്തിമ, വി.കെ. ശ്രീജ, എം.എ. മുഹമ്മദ് റാഫി, എ.കെ. സുഭാഷ്, ശ്രീമുരളി കല്ലൂർ എന്നിവർ നേതൃത്വം നൽകി. കുടുംബം സി.പി.ഐ പ്രവർത്തകർക്ക് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.