മങ്കര: പാതയോരത്തെ നൂറോളം വർഷം പഴക്കമുള്ള ഇരുനില കെട്ടിടം തകർച്ച ഭീഷണിയിലായതോടെ യാത്രക്കാരും വിദ്യാർഥികളും ഭീതിയിൽ. മങ്കര കൂട്ടുപാതയിലാണ് ദ്രവിച്ച് വീഴാറായ നിൽക്കുന്ന ഇരുനില കെട്ടിടമുള്ളത്. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ ഒരു ഭാഗം പോക്കറ്റ് റോഡിലേക്ക് തകർന്നു വീണു. രാത്രിയിലായതിനാൽ വലിയ അപകടം ഒഴിവായി. പേഴുംകാട് റോഡിലൂടെ സഞ്ചരിക്കുന്ന റോഡിനരികിലാണ് കെട്ടിടം. 200 ലേറെ കുടുംബംഗങ്ങൾ ഈ വഴിയിലൂടെയാണ് ടൗണിലെത്തുന്നത്.
ഇരുചക്ര വാഹനങ്ങളും കാൽനടക്കാരും സഞ്ചരിക്കുന്ന വഴിയാണിത്. മൺചുമർ കെട്ടിടമാണിത്. കാലപ്പഴക്കമുള്ള കെട്ടിടം മഴനനഞ്ഞതോടെ പോക്കറ്റ് റോഡിലേക്ക് വീഴാൻ സാധ്യതയേറെയാണ്. ഈ വഴി യാത്ര ചെയ്യുന്നവരും ഭീതിയോടെയാണ് കടന്ന് പോകുന്നത്.
കെട്ടിടം ഉപയോഗമില്ലാതെ കിടപ്പാണ്. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപെട്ട് പ്രദേശ വാസികൾ മങ്കര പൊലീസ്, മണ്ണൂർ പഞ്ചായത്തധികൃതർ എന്നിവർക്ക് പരാതിയും നൽകിയിട്ടുണ്ട്. കലക്ടർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണെന്ന് നാട്ടുകാരായ ജമാൽ, പി.കെ. മോഹൻദാസ്, ജബ്ബാർ മങ്കര, ശംസുദ്ദീൻ മാങ്കുറുശി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.