മങ്കര: മങ്കര ഉക്കാനിക്കോട് ശിവക്ഷേത്രത്തിലേക്കുള്ള റോഡ് യാഥാർഥ്യമാകുന്നു. അരക്കിലോമീറ്റർ ദൂരം നെൽവയലായതിനെ തുടർന്നാണ് അരനൂറ്റാണ്ടിലേറെയായി റോഡിന് തടസ്സമായത്. റോഡ് വരണമെങ്കിൽ ഒമ്പത് കർഷകരുടെ സമ്മതപത്രം ആവശ്യമായിരുന്നു. ഇത് ലഭിക്കാനുള്ള പ്രയാസമാണ് പ്രധാന തടസ്സമായത്. ക്ഷേത്രത്തിന് സമീപം നാലഞ്ച് വീടുകളുമുണ്ട്. ഇവർക്കും യാത്ര ദുരിതമായിരുന്നു.
രോഗികൾ ആശുപത്രിയിലെത്തണമെങ്കിൽ കസേരയിൽ ഇരുത്തി അരക്കിലോമീറ്റർ ചുമന്ന്പോകേണ്ട അവസ്ഥയായിരുന്നു. ഭക്തർക്കും ക്ഷേത്രത്തിലെത്താൻ നെൽവയൽ താണ്ടണം. കഴിഞ്ഞദിവസം പഞ്ചാത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസിന്റെ നേതൃത്വത്തിൽ സ്ഥലഉടമകളായ കർഷകരും ക്ഷേത്ര ഭാരവാഹികളുമായി നടത്തിയ ചർച്ചയാണ് ഫലംകണ്ടത്.
റോഡിനായി ഏഴ് ലക്ഷം രൂപ പഞ്ചായത്ത് അനുവദിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. സ്ഥലം ഉടമകൾ സമ്മതപത്രം നൽകുന്ന മുറക്ക് ഫണ്ട് അനുവദിച്ച് പ്രവൃത്തികൾ തുടങ്ങും. കാലങ്ങളായുള്ള കർഷകരുടേയും പ്രദേശനിവാസികളുടേയും ചിരകാലാഭിലാഷമാണ് പൂവണിഞ്ഞത്. സ്ഥലം വിട്ടുനൽകുന്ന മുഴുവൻ കർഷകരെയും പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിത്തു, പഞ്ചായത്ത് അംഗം കെ.ബി. വിനോദ് കുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.