മങ്കര: കണ്ണങ്കടവ് തടയണയിൽ ഷട്ടറിടാത്തതിനാൽ കടുത്ത വേനലിലും ഭാരതപ്പുഴയിലെ വെള്ളം പാഴാകുന്നു. കർഷകരുടെ പരാതിയെ തുടർന്ന് രണ്ടു മാസം മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി ഷട്ടറിടാനുള്ള കണക്കുകൾ ശേഖരിച്ച് മടങ്ങി. ഒരാഴ്ചക്കകം ഫൈബർ ഷട്ടർ സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. തടയണ പൂർത്തീകരിച്ച് നാല് വർഷം കഴിഞ്ഞെങ്കിലും വെള്ളം ഒഴുക്ക് തടയാൻ യാതൊരു സംവിധാനവും ഉണ്ടായിട്ടില്ല. കർഷകരുടെ കൂട്ടായ്മയിൽ മരപ്പലക കൊണ്ട് ഒരു തവണ ഷട്ടർ സ്ഥാപിച്ചെങ്കിലും ശക്തമായ ഒഴുക്കിൽ നശിച്ചു.
മങ്കര, കോട്ടായി പഞ്ചായത്തുകളിലെ നെൽകർഷകർക്കും കുടിവെള്ള ലഭ്യതക്കും വേണ്ടിയാണ് ഇവിടെ തടയണ സ്ഥാപിച്ചത്. പുഴയിൽ വെള്ളം കുറഞ്ഞതിനാൽ വേനലിൽ കടുത്ത ജലക്ഷാമം നേരിടാൻ സാധ്യതയേറെയാണ്. മുഴുവൻ വെള്ളം വറ്റുന്നതിന് മുമ്പ് ഷട്ടർ സ്ഥാപിച്ചില്ലെങ്കിൽ ക്ഷാമം രൂക്ഷമാകും. ഏക്കർ കണക്കിന് കൃഷിയും തടയണയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. വേനൽ രൂക്ഷമാകുന്നതിന് മുമ്പ് ഫൈബർ ഷട്ടർ സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.