മങ്കര: വേനലിലും ജലസമൃദ്ധിയിലായിരുന്ന സത്രം കടവ് തടയണയിലെ ജലം പുഴയിലേക്ക് തുറന്നുവിട്ട അധികാരികളുടെ നടപടിക്കെതിരെ പ്രതിഷേധവുമായി കർഷകർ. മങ്കര കാളികാവ് സത്രംകടവ് തടയണയിലെ ജലം പൂർണമായും തുറന്നുവിട്ടതിന്റെ പേരിലാണ് കർഷകർ പ്രതിഷേധിച്ചത്. തുടർന്ന് സത്രംകടവ് തടയണയിലെ ജലനിരപ്പ് പൂർണമായും താഴ്ന്നു. ഇതോടെ മാങ്കുറുശി വള്ളുവർതൊടി മേഖലയിലേയും തടയണക്ക് സമീപം താമസിക്കുന്ന ആളുകളുടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നതായും കർഷകരും പ്രദേശനിവാസികളും പരാതിപ്പെട്ടു.
നാല് പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതി സ്ഥിതിചെയ്യുന്ന മങ്കര അതിർകാട് ഞാവളിൻ കടവ് തടയണയിലെ ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം നിലച്ചിരുന്നു. ഇതേതുടർന്നാണ് അധികൃതർ സത്രം കടവ് തുറന്നുവിട്ടതെന്നാണ് അധികാരികൾ നൽകുന്ന വിശദീകരണം. എന്നാൽ ജലം പൂർണമായും തുറന്നുനൽകിയതാണ് പ്രദേശത്തുകാരെ പ്രതിഷേധത്തിനിടവരുത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഐ.ടിഎൽ ഇറോം ഗ്രൂപ്പായിരുന്നു തടയണയിൽ ഇരുമ്പ് ഷട്ടർ സ്ഥാപിച്ചത്.
അതുകൊണ്ടാണ് തടയണയിൽ വെള്ളം ഇത്രയുംകാലം വറ്റാതെ നിലനിന്നത്. എന്നാൽ ലക്ഷങ്ങൾ ചിലവിൽ നിർമിച്ച കണ്ണംങ്കടവ് തടയണയിലാകട്ടെ അധികാരികളുടെ അനാസ്ഥമൂലം ഇനിയും ഷട്ടർ സ്ഥാപിക്കാത്തതിനാൽ ജലം പാഴായി. കാളികാവ് സത്രംകടവ് തടയണയിൽ ഷട്ടർ തുരുമ്പെടുത്ത നശിച്ച അവസ്ഥയിലാണ്. പുതിയ ഷട്ടർ സ്ഥാപിച്ച് വെള്ളം നിലനിർത്താൻ ഇറിഗേഷൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. കർഷകരുടെ പരാതിയെ തുടർന്ന് മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് സ്ഥലം സന്ദർശിച്ചു. തടയണയിലെ വെള്ളം പൂർണമായും തുറന്നുവിട്ട ഇറിഗേഷൻ നടപടി ശരിയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗോകുൽദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.